അയ്യന് ചാര്‍ത്താന്‍ തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു, മകരവിളക്കിനൊരുങ്ങി സന്നിധാനം

പത്തനംതിട്ട: മകരവിളക്കിന് ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്‌താ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഘോഷയാത്ര പുറപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിക്ക് വാഹക സംഘം തിരുവാഭരണങ്ങള്‍ ശിരസിലേറ്റി. ശ്രീകൃഷ്‌ണപരുന്ത് ആകാശത്ത് വട്ടമിട്ടു പറന്നതോടെ ഘോഷയാത്രയ്ക്ക് തുടക്കമായി.

തിരുവാഭരണ ഘോഷയാത്ര ദർശിക്കാൻ വലിയ ഭക്തജനത്തിരക്കാണ് പന്തളത്ത് അനുഭവപ്പെട്ടത്. രാജ പ്രതിനിധിയായി നാരായണ വര്‍മ്മയാണ് ഘോഷയാത്രയെ അനുഗമിക്കുന്നത്. മരുതമനയില്‍ ശിവന്‍കുട്ടിയാണ് ഇത്തവണ മുതല്‍ തിരുവാഭരണ വാഹകസംഘത്തിൻ്റെ ഗുരുസ്വാമി. 26 പേരാണ് സംഘത്തില്‍ ഉള്ളത്. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ നീങ്ങുന്ന ഘോഷയാത്ര 14 ന് (ബുധനാഴ്‌ച ) ശബരിമലയിൽ എത്തിച്ചേരും. മകരവിളക്ക് (ജനുവരി 14) ന് വൈകിട്ട് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.

ജനുവരി 18ന് കൊട്ടാരം വക കളഭാഭിഷേകവും, 19ന് ഗുരുതിയും രാജപ്രതി തിധിയുടെ സാന്നിധ്യത്തില്‍ നടക്കും. ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് 19 ന് രാത്രി വരെയെ ദര്‍ശനം ഉണ്ടാകും. ജനുവരി 20 ന് രാവിലെ 6 മണിയോടുകൂടി നട അടച്ച്‌ തിരുവാഭരണവുമായി രാജപ്രതിനിധി പടിയിറങ്ങി മടക്കയാത്ര ആരംഭിക്കും. 21ന് പെരുനാട് അയ്യപ്പ ക്ഷേത്രത്തില്‍ ഉച്ചക്ക് 1.30 മുതൽ ആരംഭിക്കുന്ന തിരുവാഭരണം ചാര്‍ത്തിയുള്ള ദര്‍ശനം രാത്രി 2 മണി വരെ ഉണ്ടാകും. ഇതിനു ശേഷം 22 ന് ആറന്മുള കൊട്ടാരത്തിലും തിരുവാഭരണ ദര്‍ശനം ഉണ്ടാകും. 23 ന് രാവിലെ പന്തളത്ത് എത്തുന്ന ഘോഷയാത്രാ സംഘത്തെ സ്വീകരിക്കും. തുടർന്ന് തിരുവാഭരണം കൊട്ടാരം സ്‌ട്രോങ് റൂമിലേക്ക് മാറ്റും.

അതേസമയം മകരവിളക്ക് ദിനത്തില്‍ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തില്‍ ഹൈക്കോടതി നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്. മകരവിളക്ക് ദിനത്തില്‍ പ്രവേശനം 35,000 പേർക്ക് മാത്രമായി നിജപ്പെടുത്തി കോടതി ഉത്തരവായി. വെർച്വല്‍ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5,000 പേർക്കുമാണ് പ്രവേശനം. ജനുവരി 13ന് വെർച്വല്‍ ക്യൂ വഴി 35,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5,000 പേർക്കും മാത്രമാകും പ്രവേശനം. മകരവിളക്ക് ദിവസം രാവിലെ 10 മണിക്ക് ശേഷം നിലയ്ക്കലില്‍ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. രാവിലേ 11 മണി കഴിഞ്ഞാല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*