‘ഇത്തരം പ്രവണതകൾ ശരിയല്ല; മാതൃകയാക്കാവുന്ന രീതിയിൽ പൊതുപ്രവർത്തകർ പെരുമാറണം’; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇത്തരത്തിലുള്ള പ്രവണതകൾ ഉണ്ടാകുന്നത് ശരിയല്ല. മാതൃകയാക്കാവുന്ന രീതിയിൽ പൊതുപ്രവർത്തകർ പെരുമാറണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. സമൂഹത്തിന് മാതൃകയായി നിൽക്കേണ്ടവരാണ് കോൺഗ്രസ് പ്രവർത്തകരെന്ന് അദേഹം പറഞ്ഞു.

പൊതുപ്രവർത്തനരംഗത്ത് നിൽക്കുന്ന ആളുകൾ ജനങ്ങളുടെ മുന്നിൽ നല്ല മുഖത്തോടെ നിൽക്കണം. അച്ചടക്ക സമിതിയുടെ മുന്നിൽ വിഷയം വന്നിട്ടില്ല. വന്നതിനുശേഷം മറുപടി പറയാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. കാര്യങ്ങളെക്കുറിച്ച് പൊതുവായി ഒരു നിഗമനത്തിലേക്ക് എത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

വിവാദത്തിൽ എഐസിസി ഇടപെട്ടിരുന്നു. പരാതികൾ അന്വേഷിക്കാൻ കെപിസിസിക്ക് നിർദേശം നൽകിയിരുന്നു. ഹൈക്കമാൻഡിന് ലഭിച്ച ചില പരാതികൾ കെപിസിസിക്ക് കൈമാറിയതായും സൂചനയുണ്ട്. പുനഃസംഘടനയ്ക്ക് ഒപ്പം തന്നെ യൂത്ത് കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കം കൂടിയാണ് നിലവിൽ നടത്തുന്നത്. എന്നാൽ, എംഎൽഎ സ്ഥാനത്ത് തുടരും. അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കാനും ആലോചനയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*