പാലോട് രവിയുടെ വിവാദ ശബ്‌ദരേഖ; നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍

കോട്ടയം: പാലോട് രവിയുടെ വിവാദ ശബ്‌ദരേഖ ഒറ്റപ്പെട്ട സംഭവമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍. കേസുമായി ബന്ധപ്പെട്ട് നീതി പൂര്‍വമായ അന്വേഷണം നടക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ക്രമാതീതമായി കുറവാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ശബ്‌ദ രേഖ വിവാദത്തിന് പിന്നില്‍ ജില്ലാനേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ നിഗമനം. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലേക്ക് എത്തുമെന്നും കോണ്‍ഗ്രസിൻ്റെ കാര്യം തകര്‍ച്ചയിലേക്കാണെന്നുമാണ് പാലോട് രവിയുടെ ശബ്‌ദ രേഖയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പാർട്ടിയെ ശക്തിപ്പെടുത്തണം എന്ന നിലയ്‌ക്കാണ് താന്‍ സംസാരിച്ചതെന്നും ശബ്‌ദ രേഖയുടെ മുഴുവൻ ഭാഗങ്ങളും പുറത്തുവിടണമെന്നും പാലോട് രവി ആവശ്യപ്പെട്ടിരുന്നു

“എല്ലാ രീതിയിലും കേസിനെക്കുറിച്ച് പഠിക്കുകയും അന്വേഷിക്കുകയും ചെയ്‌തതിനു ശേഷം ഇതില്‍ മറുപടി നല്‍കുന്നതാണ്. മുന്നണി തനിക്ക് നല്‍കിയ ഉത്തരവാദിത്തം നീതിപൂര്‍വം ഞാന്‍ ചെയ്യുന്നതാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കോണ്‍ഗ്രസില്‍ ഇപ്പോള്‍ തമ്മിലടി വളരെ കുറവാണ്. പാര്‍ട്ടി വിപുലീകരണവുമായി ബന്ധപ്പെട്ട് ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമായാണ് മുന്നണി നോക്കിക്കാണുന്നത്,” തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ പറഞ്ഞു.

ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ മുന്നണിക്ക് അനുകൂല നിലപാടും നല്ല മതിപ്പുമാണ് ഉള്ളത്. നമ്മുടെ മുന്നണിയിലെ ഓരോ പ്രവര്‍ത്തകരും അവരുടെ പ്രവര്‍ത്തനങ്ങളിലും മാറ്റം കൊണ്ട് വന്നിട്ടുണ്ട്. കേസിനെക്കുറിച്ച് കൂടുതലായി അന്വേഷിച്ചതിനു ശേഷം ഈ വിഷയത്തില്‍ കൂടുതലായി പ്രതികരണം നടത്തുകയുള്ളൂ. പാര്‍ട്ടിയുടെ നേതാക്കന്‍മാരെയും അണികളെയും വിഷമിപ്പിക്കുന്ന രീതിയിലുള്ള ഒരു തീരുമാനം ഉണ്ടാകില്ല. ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് എല്ലാ പരിശോധനകളും നടത്തുന്നതാണ്. പാര്‍ട്ടികയ്‌കത്തും പുറത്തും ഇതിനൊരു പരിഹാരം കാണുമെന്ന് രാധാകൃഷ്‌ണന്‍ വ്യക്തമാക്കി.

വാമനപുരം കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായി പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് വിവാദമായത്. ശബ്‌ദരേഖ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ഇദ്ദേഹം രാജിവച്ചു. ഫോണ്‍ സംഭാഷണം സുഹൃത്തിന് അയച്ചു കൊടുത്തതാണെന്നും വീഴ്‌ച ഉണ്ടായെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ എ. ജലീല്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കെപിസിസി അന്വേഷണം പ്രഖ്യാപിച്ചത്. മുന്‍ മന്ത്രി എ. ശക്‌തനാണ് പാലോട് രവിക്ക് പകരം ചുമതല ഏറ്റത്.

ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എജലീല്‍ ഒരു പരിപാടിക്കായി വിളിച്ചപ്പോഴുള്ള സംഭാഷണമാണ് പുറത്തായത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുമെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്ന് പാലോട് രവി പറഞ്ഞിരുന്നു. എന്നാല്‍ ചില പരമാര്‍ശങ്ങള്‍ കുറച്ച് കടുത്തതാണെന്ന് പാര്‍ട്ടി വിലയിരുത്തുകയും ഉണ്ടായി. സംഭാഷണം പുറത്തുവിട്ട ജലീലിനെ കുറ്റം ചുമത്തുകയും തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെപിസിസി പുറത്താക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*