ശബരിമല തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് അപകടം, 3 പേര്‍ക്ക് ഗുരുതര പരിക്ക്, വാഹനം കടത്തിവിട്ടത് നിരോധനം മറികടന്ന്

പത്തനംതിട്ട: റാന്നിക്ക് സമീപം തുലാപ്പള്ളിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു. തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷനില്‍ ഇന്ന് രാവിലെ 7.45ഓടെയായിരുന്നു അപകടം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മറ്റൊരു ബസിലും രണ്ട് കാറുകളിലും ഇടിച്ച ശേഷമാണ് നിന്നത്. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് അപകടത്തില്‍ സാരമായി പരിക്കേറ്റത്. പരിക്കേറ്റ തീര്‍ത്ഥാടകരെ എരുമേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവരെ നിലക്കലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

തുലാപ്പള്ളി ശബരിമല പഴയ റോഡിലൂടെ തീര്‍ത്ഥാടകരുടെ വാഹനം കടത്തിവിട്ടതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിരോധനം മറികടന്നാണ് പഴയ റോഡില്‍ വാഹനം കടത്തിവിട്ടത്. കോടതി ഉത്തരവ് പ്രകാരം പുതിയ റോഡിലൂടെയാണ് തീര്‍ഥാടക വാഹനങ്ങള്‍ കടത്തിവിടേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തും ഇതേ സ്ഥലത്ത് അപകടം ഉണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*