ഗുളിക രൂപത്തില്‍ എംഡിഎംഎ, ഒന്നരക്കോടി രൂപയുടെ മയക്കുമരുന്ന്; ആലപ്പുഴയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

ഒന്നരക്കോടി രൂപയുടെ മയക്കുമരുന്നും കഞ്ചാവുമായി മൂന്നു യുവാക്കള്‍ എക്സൈസ് പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവെളി ബി. റിനാസ് (22), എറണാകുളം കോതമംഗലം മാമലക്കണ്ടം പുതിയാപ്പെട്ടയില്‍ പി.എസ്. അപ്പു (29), തൃശ്ശൂര്‍ തലോര്‍ കളപ്പുരയ്ക്കല്‍ കെ.എസ്. അനന്തു (30) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് രണ്ടുകിലോ കഞ്ചാവ്, 1.1 കിലോ ഹാഷിഷ് ഓയില്‍, നാലുഗ്രാം മെത്താഫെറ്റമിന്‍, 334 എംഡിഎംഎ ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. അഞ്ചു മൊബൈല്‍ ഫോണും 63,500 രൂപയും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ മുമ്പും ലഹരിക്കടത്ത് കേസില്‍ പിടിയിലായിട്ടുണ്ട്.

എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ ഇവരെ പിടികൂടിയത്. ഗുളിക രൂപത്തില്‍ ജില്ലയില്‍ ആദ്യമായാണ് എംഡിഎംഎ പിടികൂടുന്നതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. അശോക് കുമാര്‍ പറഞ്ഞു. ജില്ലയില്‍ ആദ്യമാണ് ഇത്രയും ലഹരി ഒരുമിച്ചു പിടികൂടുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ലഹരി എത്തിക്കുന്ന പ്രധാന കണ്ണികളാണിവര്‍. മൊബൈല്‍ നമ്പര്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ആധുനിക സംവിധാനങ്ങളാണ് ഇവര്‍ക്കുള്ളത്. ഫിലിപ്പീന്‍സിലെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈനിലൂടെയാണ് ലഹരിക്കച്ചവടം. ആലപ്പുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. പ്രശാന്ത്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഷിബു പി ബെഞ്ചമിന്‍, സി വി വേണു, ഇ കെ അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*