തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാർക്കില്‍ പുള്ളിമാനുകള്‍ ചത്ത സംഭവത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ അച്ചടക്ക നടപടി. പാര്‍ക്കില്‍ തെരുവുനായ്ക്കള്‍ കടന്നുകയറി നടത്തിയ ആക്രമണത്തില്‍ ആയിരുന്നു മാനുകള്‍ കൂട്ടത്തോടെ ചത്തത്. ഈ സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ച ഉള്‍പ്പെടെ ആരോപിക്കപ്പെടുന്നതിനിടെയാണ് ചിത്രങ്ങള്‍ പുറത്തായതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്
മാന്ദാംമംഗലം ഡിവിഷനിലെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഗ്രേഡ് പി.കെ. മുഹമ്മദ് ഷമീമിനെതിരെയാണ് നടപടി. തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍, തൃശൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍, എറണാകുളം ഫ്‌ലൈയിങ് സ്‌ക്വാഡ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍, തൃശൂര്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍) എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. മാനുകള്‍ ചത്ത സംഭവം രഹസ്യമായി വെക്കാനുള്ള ശ്രമം പരാജയപ്പെട്ടതിലുള്ള വിരോധമാണ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് പിന്നിലെന്നാണ് ആരോപണം.
അതേസമയം, മാനുകള്‍ ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വനം വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിന്നീട് നടപടിള്‍ ഉണ്ടായിട്ടില്ല. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് പത്ത് മാനുകള്‍ ചത്ത സംഭവത്തില്‍ ജീവനക്കാരുടെ വീഴ്ച ഉള്‍പ്പെടെയുളള വിഷയങ്ങള്‍ പരിശോധിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ വ്യക്കമാക്കിയിരുന്നു. ജീവനക്കാര്‍ വാതില്‍ തുറന്നിട്ടോയെന്നത് ഉള്‍പ്പെടെ പരിശോധിക്കുമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വ്യക്തമാക്കിയിരുന്നു.
നായ്ക്കള്‍ ആക്രമിച്ചപ്പോള്‍ ഉണ്ടായ ക്യാപ്ചര്‍ മയോപ്പതി എന്ന അവസ്ഥയാണ് മാനുകളുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നായകളുടെ ആക്രമണത്തില്‍ വിറളി പൂണ്ടതും ഭയന്നതും ശ്വാസം കിട്ടാതായതും മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.



Be the first to comment