‘ഞാന്‍ എംഎല്‍എ ആകാന്‍ യോഗ്യന്‍’; ചിന്തിക്കാന്‍ മൂന്നുമാസം സമയമുണ്ടെന്ന് തൃശൂര്‍ മേയര്‍

തൃശൂര്‍: താന്‍ എംഎല്‍എയാകാന്‍ യോഗ്യനെന്ന് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. സ്ഥാനമൊഴിയുന്നതോടെ മൂന്നുമാസം വിശ്രമിക്കുമെന്നും എംകെ വര്‍ഗീസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ താന്‍ ഇടതുപക്ഷത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുണ്ടാവില്ലെന്ന് മേയര്‍ നേരത്തേ പറഞ്ഞിരുന്നു. ബിജെപിയുടെ എംഎല്‍എ സ്ഥാനാര്‍ഥിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് താന്‍ എംഎല്‍എ ആകാന്‍ യോഗ്യനാണെന്ന് മേയര്‍ മറുപടി നല്‍കിയത്. അഞ്ചുവര്‍ഷം ജോലിയെടുത്തില്ലെ? ഇനി മൂന്നുമാസം വിശ്രമമാണെന്നും എംകെ വര്‍ഗീസ് പറഞ്ഞു.

‘അഞ്ചുവര്‍ഷം എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്നു. ഇനി മൂന്നുമാസം വിശ്രമമെടുക്കുകയാണ്. ചിന്തിക്കാന്‍ ഇഷ്ടംപോലെ സമയമുണ്ട്. അതു കഴിയുമ്പോഴേക്കും ഇനിയെന്തുചെയ്യണമെന്ന് തീരുമാനിക്കും’ മേയര്‍ ബിജെപിയിലേക്കാണോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം വിശദമാക്കി. അടുത്ത തിരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന്, അത് പ്രവചിക്കാന്‍ ഞാന്‍ ദൈവമല്ല എന്നായിരുന്നു പ്രതികരണം. എല്‍ഡിഎഫിനൊപ്പം പ്രചാരണരംഗത്ത് മേയറുണ്ടാകുമോ എന്ന ചോദ്യത്തിന് സ്വതന്ത്രനായി വിജയിച്ചയാളാണ് അദ്ദേഹം, സ്വയം തീരുമാനമെടുക്കാം എന്നായിരുന്നു ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പികെ ഷാജന്റെ മറുപടി.

കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എം.കെ. വര്‍ഗീസിനെ മേയറാക്കി നടത്തിയ നീക്കമാണ് അഞ്ചുവര്‍ഷം തൃശ്ശൂര്‍ കോര്‍പറേഷനില്‍ ഭരണത്തില്‍ തുടരാന്‍ എല്‍ഡിഎഫിനെ സഹായിച്ചത്. പലഘട്ടങ്ങളിലും പ്രസ്താവനയിലൂടെയും പ്രവൃത്തിയിലൂടെയും മേയര്‍ വിവാദം ക്ഷണിച്ചുവരുത്തിയെങ്കിലും അദ്ദേഹത്തെ കൈവിടാന്‍ മുന്നണി തയ്യാറായില്ല. പ്രത്യേകിച്ച് സിപിഎം ജില്ലാനേതൃത്വമാണ് മേയര്‍ക്ക് സംരക്ഷണമൊരുക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*