
തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരത്ത് അതീവരഹസ്യമായാണ് മൊഴിയെടുത്തത്. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന സംബന്ധിച്ചാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ത്രിതല അന്വഷണമാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതില്‍ എ.ഡി.ജി.പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന്റെ അന്വേഷണമാണ് ബാക്കിയുളളത്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്. പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ് അടക്കമുളള ഉദ്യോഗസ്ഥ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. സുരേഷ് ഗോപി പൂരം അലങ്കോലപ്പെട്ട സമയത്ത് ആംബുലന്‍സില്‍ എത്തിയത് അടക്കം ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞു.
ബി.ജെ.പി പ്രവര്‍ത്തകരാണ് പൂരസ്ഥലത്തെ പ്രശ്നങ്ങൾ അറിയിച്ചതെന്നാണ് കേന്ദ്ര മന്ത്രിയുടെ മൊഴി. തൃശൂര്‍ പുരം അലങ്കോലപ്പെട്ടതിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന എന്നായിരുന്നു സിപിഐആരോപണം. സുരേഷ് ഗോപി ആംബുലന്‍സില്‍ സ്ഥലത്ത് എത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സുരേഷ് ഗോപിയുടെ ഇടപെടല്‍ അസ്വഭാവികമെന്നാണ് പ്രത്യേക സംഘത്തിന് സി.പി.ഐ നേതാവ് വി.എസ്. സുനില്‍ കുമാർ മൊഴി നല്‍കിയത്.
Be the first to comment