തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താം; അഡ്വ. ജനറലിന്റെ നിയമോപദേശം

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങള്‍ക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ് നിയമോപദേശം.

പുതിയ കേന്ദ്ര നിയമമാണ് വെടിക്കെട്ടിന് തടസ്സമെന്നും കേന്ദ്രം നിയമ ഭേദഗതി നടത്തണമെന്നും മന്ത്രിമാരായ കെ രാജനും ആര്‍ ബിന്ദുവും പ്രതികരിച്ചു. കേന്ദ്ര ഏജന്‍സിയായ പെസോയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാകും കലക്ടര്‍ അനുമതി നല്‍കുക. കേന്ദ്ര നിയമ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കാന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ തേക്കിന്‍കാട് മൈതാനത്തെ വെടിപ്പുര ഒഴിച്ചിടും.

വെടിക്കെട്ട് പുരയും ഫയര്‍ ലൈനും തമ്മില്‍ 200 മീറ്റര്‍ അകലം വേണമെന്നാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര കാലിയാണെങ്കില്‍ 200 മീറ്റര്‍ അകലം പാലിക്കേണ്ടി വരില്ല. വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലം കാലിയാക്കുമെന്ന് ദേവസ്വങ്ങള്‍ സത്യവാങ്മൂലം നല്‍കിയതോടെയാണ് വേല വെടിക്കെട്ടിന് ദേവസ്വങ്ങള്‍ക്ക് അനുമതി ലഭിച്ചത്. വേലയ്ക്ക് 500 കിലോ വെടിക്കെട്ട് സാമഗ്രികള്‍ ആണ് പൊട്ടിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*