ഗ്യാസ് നിറച്ച തീ പടരുന്ന സ്പ്രേ ഉപയോഗിച്ച് ആക്രമിക്കാനും ശ്രമം നടന്നെന്ന് രാഗം സുനിൽ; ഒരാൾ കസ്റ്റഡിയിൽ

തൃശൂർ രാഗം തിയറ്റർ നടത്തിപ്പുകാരനെ ക്വട്ടേഷൻ സംഘം ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായതെന്ന് സൂചന. പിടിയിലായ ആളെ ഉന്നത ഉദ്യേഗസ്ഥർ ചോദ്യം ചെയ്യുന്നു. ഇരുട്ടില്‍ പതിയിരുന്ന് ആക്രമിച്ചത് മൂന്നംഗ സംഘമെന്ന് കണ്ടെത്തല്‍.

തന്നെ കൊല്ലാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമെന്ന് രാഗം തിയറ്റർ നടത്തിപ്പുകാരൻ സുനിൽ നേരത്തെ  പറഞ്ഞിരുന്നു. ആക്രമിച്ചതിനു പിന്നിൽ കൊട്ടേഷൻ സംഘം. കാറിൻറെ ഗ്ലാസ് തകർത്ത ശേഷം കത്തി ഉപയോഗിച്ച് തന്നെ കുത്താൻ ശ്രമിച്ചു. കൈവച്ച് തടഞ്ഞതിനാൽ ആണ് കഴുത്തിൽ കുത്ത് കിട്ടാതിരുന്നത്.

ഗ്യാസ് നിറച്ച തീ പടരുന്ന സ്പ്രേ ഉപയോഗിച്ച് ആക്രമിക്കാനും ശ്രമം ഉണ്ടായി. സ്പ്രയിൽ നിന്ന് സ്പാർക്ക് വരാതിരുന്നതിനാലാണ് രക്ഷപ്പെട്ടത്. സ്പ്രേ ബോട്ടിൽ ചവിട്ടിത്തെറിപ്പിക്കുന്നതിനിടയിലാണ് കാലിൽ വെട്ടിയതെന്നും സുനിൽ വ്യക്തമാക്കി.

ഇന്നലെ രാത്രി പത്തുമണിയോടെ തൃശൂര്‍ വെളപ്പായയില്‍ സുനിലിന്റെ വീടിന് മുന്നില്‍ വച്ചാണ് സംഭവം. സുനിലിന്റെ വീടിനു മുന്‍പില്‍ വച്ച് കാറില്‍ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടില്‍ പതിയിരുന്ന മൂന്നംഗ സംഘം വാള്‍ ഉപയോഗിച്ച് ഇരുവരെയും വെട്ടിയത്. സുനിലിന്റെ കാലിനും ഡ്രൈവറുടെ കൈക്കുമാണ് വെട്ടിയത്.

പരുക്കേറ്റ ഇരുവരെയും ആദ്യം തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും, പിന്നീട് തൃശൂര്‍ ദയ ആശുപത്രിയിലേക്കും മാറ്റി. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല. ഇരുവരെയും വെട്ടിയശേഷം അക്രമിസംഘം ഓടിരക്ഷപ്പെട്ടു. സുനില്‍ പത്തുവര്‍ഷത്തോളമായി രാഗം തിയേറ്റര്‍ വാടകയ്ക്ക് എടുത്ത് നടത്തുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*