തിരുവനന്തപുരം: 56-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും. ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് നടൻ മോഹൻലാല്‍ എക്സിൽ കുറിച്ചു.
’56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തുടരും ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷത്തോടെയും അഭിമാനത്തോടെയും പങ്കുവയ്ക്കുന്നു. ഈ അംഗീകാരത്തിന് നന്ദി’ – മോഹൻലാൽ കുറിച്ചു.
ചലച്ചിത്ര കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമകാലിക ഇന്ത്യൻ സിനിമകളിൽ നിന്നുള്ള ഏറ്റവും മികച്ച സിനിമകളെയാണ് പനോരമ വിഭാഗം തെരഞ്ഞെടുക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) ഒരു പ്രധാന ഘടകമാണ് ഇന്ത്യൻ പനോരമ വിഭാഗം. ഇന്ത്യൻ സിനിമകളെയും രാജ്യത്തിൻ്റെ സമ്പന്നമായ സംസ്കാരത്തെയും പൈതൃകത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി 1978ൽ ആരംഭിച്ചതാണ് ഇന്ത്യൻ പനോരമ.
വർഷത്തിലെ മികച്ച ഇന്ത്യൻ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. കൂടാതെ, സിനിമാറ്റിക്, തീമാറ്റിക്, ഏസ്തെറ്റിക് എക്സലൻസ്, നോൺ-ഫീച്ചർ സിനിമകൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായും സിനിമകളുടെ പ്രദർശനം നടക്കും. ഈ വർഷത്തെ ഇൻ്റനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) 2025 നവംബർ 20 മുതൽ 28 വരെ ഗോവയിലാണ് നടക്കുക.
മോഹൻലാലിനെ കൂടാതെ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ബോക്സ് ഓഫിസിൽ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു ഈ ചിത്രം. ഏറ്റവും കുറഞ്ഞ ബജറ്റിൽ നിർമിച്ച ഈ ചിത്രം ലോകമെമ്പാടുമായി 150 കോടിയിലധികം രൂപ നേടിയിരുന്നു.
പ്രേക്ഷക ശ്രദ്ധ നേടിയ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചത്. തരുൺ മൂർത്തിയും കെആർ സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
ഏപ്രില്‍ 25 ന് തിയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു തുടരും. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു തുടരും.



Be the first to comment