രാവിലെ തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടെ കഴിക്കാന്‍ ഏറ്റവും എളുപ്പമുള്ള ബ്രേക്ക്ഫാസ്റ്റ് ഭക്ഷണം മുട്ട തന്നെയാണ്. മുട്ട പുഴുങ്ങിയത് ആകുമ്പോള്‍ മെനക്കേട് പകുതി കുറയും. മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്.
എന്നാല്‍ പ്രശ്‌നം ഇവിടെയല്ല, മുട്ട തോട് പൊളിക്കുമ്പോള്‍ ആയിരിക്കും. ചിലപ്പോള്‍ തോട് വെള്ളയുമായി ഒട്ടിപ്പിടിച്ചു പൊളിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
എന്തുകൊണ്ടാണ് മുട്ടയുടെ തോട് ഒട്ടിപ്പിടിച്ചിരിക്കുന്നത്
മുട്ടയുടെ തോടും വെള്ളയ്ക്കുമിടയിലെ നേര്‍ത്ത പാടയെ ഷെല്‍ മെംബ്രേന്‍ എന്നാണ് അറിയപ്പെടുന്നത്. മുട്ടയുടെ പിഎച്ച് മൂല്യം കുറവായിരിക്കുമ്പോൾ, അതായത് മുട്ടയ്ക്ക് അസിഡിക് സ്വഭാവം ഉള്ളപ്പോൾ, ഈ പാട മുട്ടയുടെ വെള്ളയുമായി ഒട്ടിപ്പിടിക്കുന്നു. പുതിയ മുട്ടകൾക്കാണ് ഈ പ്രശ്നം സാധാരണയായി ഉണ്ടാകാറ്. കാരണം, അവയുടെ പിഎച്ച് മൂല്യം കുറവായിരിക്കും. എന്നാല്‍ മുട്ടകള്‍ ദിവസങ്ങള്‍ കഴിയുന്തോറും അവയുടെ ക്ഷാര സ്വഭാവം കൂടുകയും, ഇത് തോട് കളയാൻ എളുപ്പമാവുകയും ചെയ്യുന്നു.
മുട്ടത്തോട് പെട്ടെന്ന് പൊളിക്കാന്‍ ചില ടിപ്പുകള്‍
- മുട്ട പുഴുങ്ങുമ്പോള്‍ വെള്ളത്തില്‍ അല്‍പം ഉപ്പു ചേര്‍ക്കുന്നത് മുട്ടയുടെ വെള്ളയിലെ പ്രോട്ടീനുകളുമായി പ്രതിപ്രവർത്തിച്ച്, അവയെ കൂടുതൽ ദൃഢമാക്കുന്നു. ഇത് മുട്ടയുടെ തോട് പൊളിക്കാന്‍ കുറച്ചുകൂടി എളുപ്പമാക്കും.
- മുട്ട പുഴുങ്ങുമ്പോള്‍ വെള്ളത്തില്‍ അല്‍പം ബേക്കിങ് സോഡ ചേര്‍ക്കുന്നത്, മുട്ടയുടെ വെള്ളയുടെ ക്ഷാര സ്വഭാവം കൂടുന്നു. ഇത് തോടിനും വെള്ളയ്ക്കും ഇടയിലുള്ള ബന്ധം ദുർബലമാക്കുകയും തോട് എളുപ്പത്തിൽ പൊളിച്ചെടുക്കാന്‍ കഴിയുകയും ചെയ്യുന്നു.
- മുട്ട തിളപ്പിച്ച ശേഷം, ഐസ് ഇട്ട വെള്ളത്തിലേക്ക് മുട്ട മാറ്റുന്നതും തോട് പെട്ടെന്ന് പൊളിച്ചെടുക്കാന്‍ സഹായിക്കും. അഞ്ച്-പത്ത് മിനിറ്റ് തണുത്തവെള്ളത്തില്‍ മുട്ട ഇട്ടുവയ്ക്കുന്നത്, താപനിലയില്‍ പെട്ടെന്ന് മാറ്റം ഉണ്ടാക്കാനും മുട്ടയുടെ വെള്ള പെട്ടെന്ന് ചുരുങ്ങാനും കാരണമാകും. എന്നാൽ പുറംതോട് അതേ വലുപ്പത്തിൽ തന്നെ നിൽക്കും. ഈ വ്യത്യാസം തോടിനും വെള്ളയ്ക്കും ഇടയിൽ ഒരു ചെറിയ വിടവ് ഉണ്ടാക്കുകയും തോട് കളയാൻ വളരെ എളുപ്പമാക്കുകയും ചെയ്യുന്നു. കൂടാതെ, തണുത്ത വെള്ളം മുട്ടയുടെ ചൂട് കുറയ്ക്കുന്നതിനാൽ എളുപ്പത്തിൽ തോട് കളയാനും സാധിക്കും.



Be the first to comment