തിരുമല ബിജെപി കൗൺസിലർ അനിൽ സഹായം അഭ്യർത്ഥിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കണ്ടിരുന്നു. തന്നെ അനിൽ നേരിൽ കണ്ട് സംസാരിച്ചെന്ന് സ്ഥിരീകരിച്ച് രാജീവ് ചന്ദ്രശേഖറിന്റെ അനുശോചന കുറിപ്പ്.
രണ്ടു ദിവസം മുൻപും അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു അനിൽ ഉണ്ടായിരുന്നത്. പാർട്ടി സഹായിക്കാമെന്നും ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും അനിലിനോട് സംസ്ഥാന അധ്യക്ഷൻ മറുപടി നൽകിയതായാണ് വിവരം.
അതേസമയം, രാജീവ് ചന്ദ്രശേഖറിന്റെ അനുശോചന പോസ്റ്റില്‍ ബിജെപി അണികളുടെ പ്രതിഷേധവും വിമര്‍ശനവും ഉയർന്നിരിക്കുകയാണ്. മരണത്തിന്റെ ഉത്തരവാദിത്വം ബിജെപിക്കാണെന്നും കന്യാസ്ത്രീകളെ രക്ഷിക്കാന്‍ സമയമുള്ള പ്രസിഡന്റിന് പ്രവര്‍ത്തകരുടെ കാര്യം നോക്കാന്‍ സമയമില്ലെന്നുമാണ് വിമര്‍ശനം.
തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നു. അനിൽ പ്രസിഡന്റായ വലിയശാല ഫാം സൊസൈറ്റിയിൽ 7 കോടിയിലധികം രൂപ വായ്പ നൽകി. വായ്പ കൊടുത്തവർ പലരും പണം തിരികെ നൽകിയില്ല. സാമ്പത്തിക പ്രശ്നത്തിൽ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ലെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.
ഇന്ന് രാവിലെ എട്ടരമണിയോടെ തിരുമലയിലെ നഗരസഭ കോർപ്പറേഷനിലെ ഓഫീസിലെത്തിയാണ് അനിൽ ജീവനൊടുക്കിയത്. ചില സാമ്പത്തിക പ്രശ്നങ്ങൾ സൊസൈറ്റിയിൽ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട നേതൃത്വത്തോട് സഹായം അഭ്യർത്ഥിച്ചെങ്കിലും സാമ്പത്തിക പ്രശ്നത്തിൽ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ല. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് കുറിപ്പിലുള്ളത്. എന്നാൽ ഫാം സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഒരു ക്രമക്കേട് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബിജെപി നേതാവ് വിവി രാജേഷ് പറഞ്ഞു.
ലോൺ എടുത്തവർ പലരും തിരിച്ചടയ്ക്കാത്തതിനെ തുടർന്നുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. സൊസൈറ്റിയിലേക്കുള്ള സ്ഥിര നിക്ഷേപങ്ങൾ അനിൽ കുമാറിന്റെ പരിചയത്തിലാണ് വന്നത്. ഇത് തിരിച്ചുകൊടുക്കാൻ പറ്റാത്തതിലുള്ള മാനസിക സമ്മർദ്ദം അദ്ദേഹം അനുഭവിക്കുകയായിരുന്നുവെന്നും വി വി രാജേഷ് പറഞ്ഞു.
എന്നാൽ ആത്മഹത്യ കുറുപ്പിനെ സംബന്ധിക്കുന്ന മാധ്യമ വാർത്തകൾക്കെതിരെ ബിജെപി പ്രവർത്തകർ രംഗത്തെത്തി. നിരവധി മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തു. ട്വന്റിഫോർ ക്യാമറാമാൻ രാജ് കിരണിനും കെയുഡബ്ലിയുജെ ജില്ലാ ട്രഷറർ ജി പ്രമോദിനും മർദനമേറ്റു. ജി പ്രമോദിന്റെ ക്യാമറ അടിച്ചു തകർത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.



Be the first to comment