ടി കെ ഗോവിന്ദന്‍ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി; തളിപ്പറമ്പില്‍ സുധാകരന്‍ പ്രചാരണത്തിന് ഇറങ്ങും

തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ടി കെ ഗോവിന്ദന്‍ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി. തളിപ്പറമ്പില്‍ ടികെ ഗോവിന്ദന് വേണ്ടി കെ സുധാകരന്‍ പ്രചാരണത്തിന് ഇറങ്ങും. യുഡിഎഫ് ടി കെ ഗോവിന്ദന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ കൂടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ വാഗ്ദാനം ചെയ്തത്. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് അവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത്.

ഇന്ന് ഉച്ചയ്ക്കാണ് കെ സുധാകരനെ അദ്ദേഹത്തിന്റെ നടാലിലെ വീട്ടിലെത്തി ടി കെ ഗോവിന്ദന്‍ കണ്ടത്. അദ്ദേഹത്തിന് കെ സുധാകരന്‍ പിന്തുണ വാഗ്ദാനം ചെയ്തു. തളിപ്പറമ്പില്‍ വിജയിക്കാനായി എന്തുവേണമെങ്കിലും ചെയ്യാമെന്ന് കെ സുധാകരന്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കുകയും ചെയ്തു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി ഒ മോഹനന്‍ കെ സുധാകരനെ വീട്ടിലെത്തി കണ്ടു.

അതേസമയം, തളിപ്പറമ്പില്‍ ടികെ ഗോവിന്ദനെ പിന്തുണക്കാനുള്ള തീരുമാനത്തിനെതിരെ വിമത നീക്കവുമുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വിജില്‍ മോഹനനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം ഉയര്‍ന്നു. നാളെ യൂത്ത് കോണ്‍ഗ്രസ് അടിയന്തിര നിയോജക മണ്ഡലം കമ്മിറ്റി ചേരും.

അതേസമയം, എംപിമാര്‍ മത്സരിക്കേണ്ടെന്ന നേതൃത്വത്തിന്റെ തീരുമാനം കെ സുധാകരനും അടൂര്‍ പ്രകാശും അംഗീകരിച്ചതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. മറ്റന്നാള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി കെ സുധാകരന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെ സുധാകരന് അതൃപ്തി ഉണ്ടായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  സ്ഥിരീകരിച്ചു. എന്നാല്‍, വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണം.

പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നെന്ന് അടൂര്‍ പ്രകാശ് എംപി പ്രതികരിച്ചു. എന്നാല്‍, താന്‍ മത്സരിക്കണമെന്നായിരുന്നു കോന്നിയില്‍ ജനങ്ങള്‍ ആഗ്രഹിച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*