58 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്, എസ്ഐആറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഓള്‍ ഇന്ത്യ തൂണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി) സുപ്രീം കോടതിയില്‍. പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനെതിരെ ശക്തമായ എതിര്‍പ്പുമായാണ് ടിഎംസി കോടതിയെ സമീപിച്ചിരിക്കുന്നത്. അറിയിപ്പുകള്‍ ഒന്നും നല്‍കാതെ വോട്ടര്‍പട്ടികയില്‍ നിന്ന് 58,20,898 പേരെ നീക്കം ചെയ്‌തിരിക്കുന്നുവെന്ന് അവര്‍ ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ താന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ടിഎംസി എംപി ഡെറിക് ഒബ്രിയാനാണ് കോടതിയില്‍ ഇതിനെതിരെ ഹര്‍ജി നല്‍കിയത്. 2025 ഡിസംബര്‍ പതിനാറിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 58,20,898 പേരുകള്‍ നീക്കിയിരിക്കുന്നതായി അദ്ദേഹം തന്‍റെ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള അറിയിപ്പ് നല്‍കാതെയോ അവരുടെ ഭാഗം കേള്‍ക്കാതെയോ ഉള്ള നടപടിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 7,66,37,529 പേരുള്ള വോട്ടര്‍പട്ടിക കുത്തനെ 7,08,16,616 ആയി പുതിയ കരട് പട്ടികയില്‍ ചുരുങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഈ നടപടി വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യാനുള്ള 2023 ഓഗസ്റ്റ് പതിനൊന്നിന് പുറത്ത് വിട്ട അവരുടെ തന്നെ മാനദണ്ഡങ്ങള്‍ക്ക് കടകവിരുദ്ധമാണ്.

അന്തിമ പട്ടിക അടുത്തമാസം പതിനാലിന് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അടുത്തമാസം ഏഴിന് ആക്ഷേപങ്ങളും മറ്റും അറിയിക്കാനുള്ള സമയപരിധി അവസാനിക്കും. ഇതിന് തൊട്ടുപിന്നാലെ പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഉണ്ടാകും.

ഇത് അങ്ങേയറ്റം അനീതിയാണെന്നും എതിര്‍ഭാഗം തിടുക്കത്തില്‍ നടത്തിയ ഈ നിയമവിരുദ്ധ നീക്കം മരവിപ്പിക്കണമെന്നും അദ്ദേഹം തന്‍റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വോട്ടര്‍പട്ടികയില്‍ നിന്ന് അബദ്ധത്തില്‍ നീക്കം ചെയ്‌തവരെ വീണ്ടും പട്ടികയില്‍ ചേര്‍ക്കണമെന്നും മതിയായ സമയമെടുത്തായിക്കോട്ടെയെന്നും അദ്ദേഹം പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് ആപ്പ് വഴിയാണ് സന്ദേശങ്ങള്‍ നല്‍കുന്നതെന്നും അതല്ലാതെ എഴുതിത്തയാറാക്കിയ വിജ്ഞാപനമോ സര്‍ക്കുലറോ ഉത്തരവോ നല്‍കുന്നില്ലെന്നും അദ്ദേഹം തന്‍റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അന്‍പത് തവണയിലേറെയെങ്കിലും ഇത്തരത്തില്‍ കമ്മീഷന്‍ അനൗദ്യോഗികായി ബിഎല്‍ഒ മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിന് സുപ്രീം കോടതി സമയം നീട്ടി നല്‍കണമെന്നും ആവശ്യപ്പെടു്നു. വാട്‌സ്‌പ് ആപ്പ് പോലുള്ള മാധ്യമങ്ങളിലൂടെ അനൗദ്യോഗിക നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് കമ്മീഷന്‍ അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇതുവരെ നല്‍കിയിട്ടുള്ള ഇത്തരം നിര്‍ദ്ദേശങ്ങള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യമുയര്‍ത്തിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*