ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം; വളരാം അറിവിലൂടെ,അക്ഷരങ്ങളിലൂടെ

അറിവില്ലായ്മയുടെ ഇരുട്ടിൽ നിന്ന് അറിവിൻ്റെ വെളിച്ചത്തിലേക്കുള്ള യാത്രയാണ് സാക്ഷരത. ലോകമെമ്പാടുമുള്ള ജനങ്ങളെ സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി ഓരോ വർഷവും സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നു. 1967ൽ യുനെസ്കോയാണ് ഈ ദിനാചരണം ആരംഭിച്ചത്. വ്യക്തികളുടെയും സമൂഹത്തിൻ്റെയും വികസനത്തിന് സാക്ഷരത അത്യന്താപേക്ഷിതമാണെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു.

ഒരു വ്യക്തിയുടെ മൗലികാവകാശമാണ് സാക്ഷരത. ഇത് മറ്റ് മനുഷ്യാവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു അടിസ്ഥാന ഘടകമാണ്. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ എന്നിവയെല്ലാം സാക്ഷരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാക്ഷരതയില്ലാത്ത ഒരു സമൂഹത്തിന് പുരോഗതി നേടാൻ കഴിയില്ല. തുല്യത, വിവേചനമില്ലായ്മ, നിയമവാഴ്ച, സമാധാനം തുടങ്ങിയ എല്ലാ സാമൂഹിക മൂല്യങ്ങളുടെയും അടിസ്ഥാനം സാക്ഷരതയാണ്.

‘ഡിജിറ്റൽ യുഗത്തിൽ സാക്ഷരത പ്രോത്സാഹിപ്പിക്കൽ’ എന്നതാണ് ഈ വർഷത്തെ സാക്ഷരതാ ദിനത്തിന്റെ പ്രമേയം. ഇന്റർനെറ്റ്, കമ്പ്യൂട്ടറുകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ നമ്മുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയ ഈ കാലഘട്ടത്തിൽ ഡിജിറ്റൽ സാക്ഷരതയുടെ പ്രാധാന്യം വളരെ വലുതാണ്. വിവരങ്ങൾ മനസ്സിലാക്കാനും വിശകലനം ചെയ്യാനും ഡിജിറ്റൽ ടൂളുകൾ ഉപയോഗിക്കാനും ഓരോ വ്യക്തിയും അറിഞ്ഞിരിക്കണം.

2024-ലെ പിരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം ഇന്ത്യയിലെ ശരാശരി സാക്ഷരതാ നിരക്ക് 80.9% ആണ്. എന്നിരുന്നാലും ഈ നേട്ടം പല സംസ്ഥാനങ്ങളിലും ഒരുപോലെയല്ല. മിസോറാം (98.2%) ഒന്നാം സ്ഥാനത്തും, ലക്ഷദ്വീപ് (97.3%) രണ്ടാം സ്ഥാനത്തും, കേരളം (95.3%) മൂന്നാം സ്ഥാനത്തുമാണ്. എന്നാൽ ആന്ധ്രാപ്രദേശാണ് (72.6%) ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കുള്ള സംസ്ഥാനം. നഗരപ്രദേശങ്ങളിൽ (90.3%) സാക്ഷരതാ നിരക്ക് കൂടുതലാണെങ്കിലും ഗ്രാമപ്രദേശങ്ങളിൽ (79.9%) ഈ നിരക്ക് കുറവാണ്. ഇത് സൂചിപ്പിക്കുന്നത് ഗ്രാമ-നഗര വ്യത്യാസങ്ങൾ ഇല്ലാതാക്കാൻ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്.

ആഗോളതലത്തിൽ 73.9 കോടി ആളുകൾ ഇപ്പോഴും നിരക്ഷരരാണ്. ഇത് ഒരു വലിയ വെല്ലുവിളിയാണ്. ദാരിദ്ര്യം, ലിംഗപരമായ വിവേചനം, സാമൂഹിക അസമത്വങ്ങൾ തുടങ്ങിയ പല ഘടകങ്ങളും ഇതിന് കാരണമാകുന്നു. ഈ സാഹചര്യത്തിൽ, സാക്ഷരതയെ ഒരു ആഗോള ലക്ഷ്യമാക്കി മാറ്റി, എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താൻ ലോകരാഷ്ട്രങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.

ഒരു സമൂഹത്തിൻ്റെ പുരോഗതിക്കും വികസനത്തിനും സാക്ഷരത അനിവാര്യമാണ്. ഓരോ വ്യക്തിയെയും സ്വയം പര്യാപ്തരാക്കാനും പൗരവകാശങ്ങൾ പൂർണ്ണമായി ആസ്വദിക്കാനും ഇത് സഹായിക്കുന്നു. ഈ സാക്ഷരതാ ദിനത്തിൽ അറിവിൻ്റെ വെളിച്ചം എല്ലാവരിലേക്കും എത്തിക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*