സെമി ബെർത്തിനായുള്ള പോരാട്ടം മുറുകുന്നു; ലങ്ക-കിവീസ് മത്സരത്തെ ഉറ്റുനോക്കി പാകിസ്ഥാനും

ഹെെദരാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾ നിർണ്ണായക ഘട്ടത്തിലെത്തി. ഗ്രൂപ്പ് 2ൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ശ്രീലങ്ക ന്യൂസിലൻഡിനെ നേരിടും. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ വൈകുന്നേരം 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇന്നലെ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിഫൈനൽ ഉറപ്പാക്കിയിരുന്നു. ഇതോടെ ഗ്രൂപ്പ് 2-ൽ നിന്ന് അവശേഷിക്കുന്ന ഒരേയൊരു സെമി സ്ഥാനത്തിനായി ശ്രീലങ്ക, ന്യൂസിലൻഡ്, പാകിസ്ഥാൻ എന്നീ മൂന്ന് ടീമുകൾ തമ്മിലുള്ള പോരാട്ടം മുറുകുകയാണ്. ഇന്നത്തെ മത്സരഫലം പാകിസ്ഥാന്‍റെ സെമി പ്രതീക്ഷകളെയും നേരിട്ട് ബാധിക്കും.

ശ്രീലങ്കയ്ക്ക് ‘ഡു ഓർ ഡൈ’

ശ്രീലങ്കയ്‌ക്ക് ഈ മത്സരം അതിനിർണ്ണായകമാണ്. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ ആതിഥേയർ ടൂർണമെന്‍റില്‍ നിന്ന് പുറത്താകും. ലോകകപ്പിന്‍റെ തുടക്കത്തിൽ തുടർച്ചയായ മൂന്ന് വിജയങ്ങളുമായി മികച്ച ഫോമിലായിരുന്ന ലങ്കയ്ക്ക് പിന്നീട് ആ വേഗത നിലനിർത്താനായില്ല. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സിംബാബ്‌വെയോടും സൂപ്പർ-8-ലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോടും (51 റൺസിന്) ഏറ്റ പരാജയം അവർക്ക് വലിയ തിരിച്ചടിയായി. 147 റൺസ് പിന്തുടർന്ന ലങ്ക വെറും 95 റൺസിന് പുറത്തായത് ആരാധകരെ നിരാശരാക്കിയിരുന്നു. സ്വന്തം നാട്ടുകാർക്ക് മുന്നിൽ കളിക്കുന്നതിന്‍റെ സമ്മർദ്ദവും ഇന്ന് ലങ്കൻ നിരയിലുണ്ടാകും.

ന്യൂസിലൻഡിന്‍റെ വെല്ലുവിളി

ഈ ലോകകപ്പിൽ ആദ്യമായാണ് ന്യൂസിലൻഡ് ശ്രീലങ്കയിൽ കളിക്കുന്നത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ത്യയിൽ പൂർത്തിയാക്കിയ അവർക്ക് കൊളംബോയിലെ സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടേണ്ടതുണ്ട്. പാകിസ്ഥാനെതിരായ ഇവരുടെ ആദ്യ സൂപ്പർ-8 മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.

പിച്ച് റിപ്പോർട്ടും കാലാവസ്ഥയും

കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നർമാരെ വളരെയധികം തുണയ്ക്കുന്നതാണ്. ഈ ടൂർണമെന്‍റില്‍ ഇവിടെ പൂർത്തിയായ അഞ്ച് മത്സരങ്ങളിലെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്കോർ 162 റൺസാണ്. ഇതിൽ നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്‌ത ടീമുകളാണ് വിജയിച്ചത്. സിംബാബ്‌വെ മാത്രമാണ് ഇവിടെ വിജയകരമായി റൺസ് പിന്തുടർന്ന് ജയിച്ച ഏക ടീം. അതിനാൽ, ടോസ് നേടുന്ന ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. നിലവിൽ മഴ ഭീഷണിയില്ലെങ്കിലും ആകാശം മേഘാവൃതമായിരിക്കും.

മുഖാമുഖം

  • ആകെ ടി20 മത്സരങ്ങൾ: 28 (ന്യൂസിലൻഡ് – 16 ജയം, ശ്രീലങ്ക – 11 ജയം, ഫലമില്ലാത്തവ – 1).
  • ടി20 ലോകകപ്പിൽ: 6 മത്സരങ്ങൾ (ശ്രീലങ്ക – 4 ജയം, ന്യൂസിലൻഡ് – 2 ജയം).

ഇരുടീമുകളിലേയും താരങ്ങള്‍

ന്യൂസിലൻഡ്: മിച്ചൽ സാന്‍റ്‌നര്‍ (ക്യാപ്റ്റൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, മാർക്ക് ചാപ്മാൻ, ഡെവോൺ കോൺവേ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷം, ഗ്ലെൻ ഫിലിപ്‌സ്, രചിൻ രവീന്ദ്ര, ടിം സീഫെർട്ട്, ഇഷ് സോധി.

ശ്രീലങ്ക: ദാസുൻ ഷാനക (ക്യാപ്റ്റൻ), പതും നിസങ്ക, കാമിൽ മിഷാര, കുസാൽ മെൻഡിസ്, കാമിന്ദു മെൻഡിസ്, കുസാൽ ജനിത് പെരേര, ചരിത് അസലങ്ക, ജനിത് ലിയാനഗെ, പവൻ രത്നായകെ, വാനിന്ദു ഹസരംഗ, ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, മതീഷ പതിരണ, ഇഷാൻ മലിംഗ.

Be the first to comment

Leave a Reply

Your email address will not be published.


*