പുതിയ ദേശീയപാത 66ല്‍ ഈ മാസം 30 മുതല്‍ മലപ്പുറം ജില്ലയില്‍ ടോള്‍ പിരിവ് തുടങ്ങും. വെട്ടിച്ചിറയിലാണ് ജില്ലയിലെ ഏക ടോള്‍പ്ലാസയുള്ളത്. വിശദവിവരങ്ങള്‍ അടുത്തദിവസം തന്നെ പ്രസിദ്ധീകരിക്കുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു.
കൂരിയാട്ട് തകര്‍ന്ന ഭാഗം തൂണുകളുപയോഗിച്ച് പുനര്‍നിര്‍മിക്കുന്ന പണി ഫെബ്രുവരി പകുതിയോടെ തീര്‍ക്കും. ടോള്‍ പ്‌ളാസയ്ക്ക് 20 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള സ്വകാര്യവാഹനങ്ങള്‍ക്ക് ടോള്‍നിരക്കില്‍ ഇളവുനല്‍കുമെന്നും ദേശീയപാതാ അധികൃതര്‍ അറിയിച്ചു. എത്രതവണ വേണമെങ്കിലും യാത്രചെയ്യാവുന്ന പാസിന് ഒരുമാസത്തേക്ക് മിക്കവാറും 340 രൂപയാവും നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ തുകയും 30-നുള്ളില്‍ തീരുമാനിക്കും. ഇത്തരം യാത്രക്കാര്‍ ആധാര്‍ കാര്‍ഡുമായി ടോള്‍ പ്‌ളാസയിലെത്തിയാല്‍ പാസ് നല്‍കും. 24 മണിക്കൂറിനുള്ളില്‍ രണ്ടുതവണ ദേശീയപാതയിലൂടെ യാത്രചെയ്യുന്നവര്‍ക്ക് രണ്ടാംതവണ ടോള്‍തുകയുടെ പകുതി നല്‍കിയാല്‍ മതി. കാര്‍. ജീപ്പ്, വാന്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേയ്ക്ക് 130 രൂപയായിരിക്കാം ടോള്‍ നിരക്ക്. ഇരുഭാഗത്തേയ്ക്കും യാത്ര ചെയ്യുന്ന ഇത്തരം വാഹനങ്ങള്‍ക്ക് ടോള്‍ നിരക്കായി 190 രൂപ ഈടാക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.



Be the first to comment