രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരന്‍; കുപ്രസിദ്ധ മാവോയിസറ്റ് കമാന്‍ഡര്‍ മദ് വി ഹിദ്മയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനും കുപ്രസിദ്ധ മാവേയിസ്റ്റ് കമാന്‍ഡറുമായ മദ് വി ഹിദ്മയെ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേനയാണ് ഹിദ്മയെ വധിച്ചത്. ആന്ധ്ര, ഛത്തിസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന മറേദുമില്ലി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും സുരക്ഷാ സേന പറഞ്ഞു. സര്‍ക്കാര്‍ ഇദ്ദേഹത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു

രാവിലെ ആറിനും ഏഴിനുമിടയിലാണ് വനമേഖലയായ മറേദുമില്ലി മണ്ഡലില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതെന്ന് അല്ലൂരി സീതാരാമരാജു ജില്ലാ എസ്പി അമിത് ബര്‍ദര്‍ അറിയിച്ചു. പൊലീസിലെ വിവിധ വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലാണിതെന്നും എസ്പി വ്യക്തമാക്കി. കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഹിദ്മയുടെ ഭാര്യ രാജെയുടെ മൃതദേഹവും ഉണ്ടെന്നാണ് വിവരം.

1981ല്‍ അവിഭക്ത മധ്യപ്രദേശിലെ സുഖ്മ ജില്ലയില്‍ പുര്‍വതി ഗ്രാമത്തില്‍ ജനിച്ച ഹിദ്മ സിപിഐ മാവോയിസ്റ്റിന്റെ ഉന്നത സമിതിയായ സെന്‍ട്രല്‍ കമ്മിറ്റിയില്‍ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ അംഗമാണ്. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ബറ്റാലിയനെ നയിച്ചിരുന്നു. ബസ്തര്‍ മേഖലയില്‍നിന്ന് സെന്‍ട്രല്‍ കമ്മിറ്റിയിലെത്തിയ ഏക ഗോത്ര വിഭാഗക്കാരനാണ് ഹിദ്മ. ബസ്തറിലെ മാവോയിസ്റ്റുകളുടെ മുഖമായിരുന്നു. പത്താം ക്ലാസ് വരെ പഠിച്ചതിനുശേഷം സിപിഐ (മാവോയിസ്റ്റ്) പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.

നിരവധി മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഹിദ്മ. 76 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട 2010ലെ ദന്തേവാഡ ആക്രമണം, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളടക്കം 27 പേര്‍ കൊല്ലപ്പെട്ട 2013ലെ ജിറാം ഘാട്ടി ആക്രമണം, 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട 2021ലെ സുഖ്മ-ബിജാപൂര്‍ ആക്രമണം എന്നിവയിലെല്ലാം ഹിദ്മയുടെ പങ്ക് നിര്‍ണായകമായിരുന്നു.

അടുത്തിടെ, പ്രമുഖ മാവോയിസ്റ്റും ഒട്ടേറെ ആക്രമണങ്ങളുടെ സൂത്രധാരനുമായിരുന്ന മല്ലോജുല വേണുഗോപാല്‍ റാവു എന്ന ഭൂപതിയും ഭാര്യ വിമലയും അടക്കം 61 പേര്‍ കീഴടങ്ങിയിരുന്നു. അതിനുശേഷം, ആയുധങ്ങള്‍ ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങാന്‍ ഭൂപതി മാവോയിസ്റ്റുകളോട് അഭ്യര്‍ഥിച്ചിരുന്നു. അധികാരത്തിനും ഭൂമിക്കും വേണ്ടി നാം നടത്തുന്ന സായുധ പോരാട്ടം ജനത്തെ അകറ്റുവെന്നും അത് നമ്മുടെ വഴിയുടെ പരാജയമാണെന്നും അതുകൊണ്ട് ആക്രമണം ഉപേക്ഷിച്ച് ജനങ്ങള്‍ക്കിടയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദഹം പറഞ്ഞിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*