സുരക്ഷ വർധിപ്പിച്ച് ടൊയോട്ട ഗ്ലാൻസ: എല്ലാ വേരിയന്‍റുകളിലും ആറ് എയർബാഗുകൾ; പുതിയ ആക്‌സസറി പാക്കേജും

ഹൈദരാബാദ്: തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ആയ ടൊയോട്ട ഗ്ലാൻസയുടെ എല്ലാ വേരിയന്‍റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ കാർ നിർമാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ്. പുതിയ സുരക്ഷാ ഫീച്ചർ ഉൾപ്പെടുത്തുന്നതോടെ ഈ പ്രീമിയം ഹാച്ച്ബാക്കിന്‍റെ പ്രാരംഭവില 6.90 ലക്ഷം രൂപ (എക്‌സ്-ഷോറൂം) ആകും. നേരത്തെ, ടോപ് സ്പെക്ക് ജി ട്രിമ്മിലും അതിനു മുകളിലുള്ള വേരിയന്‍റുകളിലും മാത്രമേ ആറ് എയർബാഗുകൾ ലഭ്യമായിരുന്നുള്ളൂ.

എന്നാൽ കമ്പനി ഇപ്പോൾ ടൊയോട്ട ഗ്ലാൻസയുടെ നാല് വേരിയന്‍റിലും ഈ സവിശേഷത ഉൾപ്പെടുത്തിയിരിക്കുകയാണ്. ആറ് എയർബാഗുകൾ വരുന്നത് വഴി ടൊയോട്ട ഗ്ലാൻസയുടെ സുരക്ഷ വർധിക്കും. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ് തുടങ്ങിയ മോഡലുകളുമായി മത്സരിക്കുന്ന ടൊയോട്ട ഗ്ലാൻസ ഇനി കൂടുതൽ പ്രിയപ്പെട്ടതാവും.

ആറ് എയർബാഗുകൾ കാർ യാത്രികരുടെ സുരക്ഷ വർധിപ്പിക്കും. അതായത് അപകടങ്ങളുണ്ടാവുമ്പോൾ ആഘാതം കുറയ്‌ക്കുന്നതിന് എയർബാഗുകൾ വളരെയധികം പ്രയോജനപ്പെടും. ടൊയോട്ടയുമായി പങ്കാളിത്തം പങ്കിടുന്ന കമ്പനിയായ മാരുതി സുസുക്കിയുടെ റീബാഡ്‌ജ് ചെയ്‌ത പതിപ്പാണ് ടൊയോട്ട ഗ്ലാൻസ. ഇതിലെ നിരവധി ആക്‌സസറികൾ ഉൾപ്പെടുന്ന ഗ്ലാൻസയുടെ പുതിയ ‘പ്രസ്റ്റീജ് എഡിഷൻ’ ആക്‌സസറി പാക്കേജ് കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ടൊയോട്ട ഗ്ലാൻസ പ്രസ്റ്റീജ് എഡിഷൻ:
ടൊയോട്ട ഗ്ലാൻസയുടെ പ്രസ്റ്റീജ് എഡിഷന് ഡീലർ തന്നെയാണ് നിരവധി ആക്‌സസറികൾ ഘടിപ്പിച്ചിരിക്കുന്നത്. ഡോർ വൈസറുകൾ, ക്രോം, ബ്ലാക്ക് ആക്‌സന്‍റുകളുള്ള സൈഡ് മോൾഡിങുകൾ, ലാമ്പ് ഗാർണിഷ്, ORVMകൾക്കും ഫെൻഡറുകൾക്കുമുള്ള ക്രോം ഗാർണിഷ്, റിയർ സ്‌കിഡ് പ്ലേറ്റ്, ഇല്യൂമിനേറ്റഡ് ഡോർ സിൽസ്, ലോവർ ഗ്രിൽ ഗാർണിഷ് എന്നിവ ഈ ആക്‌സസറി പാക്കേജിൽ ഉൾപ്പെടുന്നു. ഈ പാക്കേജ് 2025 ജൂലൈ 31 വരെ മാത്രമേ ലഭ്യമാകൂ എന്നാണ് കമ്പനി പറയുന്നത്. പ്രസ്റ്റീജ് എഡിഷൻ ആക്‌സസറി പാക്കേജ് ഇപ്പോൾ കമ്പനിയുടെ ഡീലർഷിപ്പുകളിൽ ലഭ്യമാവും.

ടൊയോട്ട ഗ്ലാൻസയുടെ വേരിയന്‍റുകളും പവർട്രെയിനുകളും:
ടൊയോട്ട ഗ്ലാൻസ നാല് വേരിയന്‍റുകളിൽ ലഭ്യമാണ്. E, S, G, V എന്നിവയാണ് അവ. പെട്രോൾ അല്ലെങ്കിൽ ബൈ-ഫ്യൂവൽ CNG എഞ്ചിൻ ഓപ്ഷനുകളിലാണ് കാർ വിൽക്കുന്നത്. ഈ കാറിന്‍റെ രണ്ട് വകഭേദങ്ങളിലും 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ, നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ പെട്രോളിൽ 88.5 bhp പവറും 113 Nm പരമാവധി ടോർക്കും നൽകുന്നു. അതേസമയം സിഎൻജിയിൽ ഈ എഞ്ചിൻ 76.43 bhp പവറും 98.5 Nm പരമാവധി ടോർക്കും നൽകുന്നു. മാനുവൽ AMT ഗിയർബോക്‌സ് ഓപ്ഷനുകൾ ഈ എഞ്ചിനിൽ ലഭ്യമാണ്.

ടൊയോട്ട ഗ്ലാൻസ: വില
6.90 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വിലയിലാണ് നിലവിൽ ടൊയോട്ട ഗ്ലാൻസ വിൽക്കുന്നത്. സിഎൻജി ഓപ്ഷനിൽ 8.69 ലക്ഷം രൂപയും 9.72 ലക്ഷം രൂപയും രണ്ട് രണ്ട് വേരിയന്‍റുകൾ ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി ഐ20, ടാറ്റ ആൾട്രോസ് പോലുള്ള കാറുകളുമായാണ് ടൊയോട്ട ഗ്ലാൻസ മത്സരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*