വൃക്ക മാറ്റിവയ്ക്കാന്‍ ഇടക്കാല ജാമ്യം തേടി ടിപി കേസ് പ്രതി; മെഡിക്കല്‍ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളിലൊരാളായ ജ്യോതി ബാബു വൃക്കരോഗം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഇടക്കാല ജാമ്യഹര്‍ജിയില്‍ സുപ്രീം കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് തേടി. പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാനാണ് വെള്ളിയാഴ്ച കോടതി നിര്‍ദ്ദേശിച്ചത്.

ജസ്റ്റിസ് ദിപാങ്കര്‍ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജ്യോതി ബാബുവിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.

ജ്യോതി ബാബുവിന്റെ രണ്ട് വൃക്കകളും തകരാറിലായതായി അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എസ് നാഗമുത്തുവും അഭിഭാഷകന്‍ ജി പ്രകാശും കോടതിയില്‍ ചൂണ്ടിക്കാട്ടി. വൃക്ക മാറ്റി വെക്കുന്നതിനായി മൂന്ന് മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ജ്യോതി ബാബുവിന്റെ ആരോഗ്യ സ്ഥിതി മോശമാകുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ വൃക്ക നല്‍കാനുള്ള ദാതാക്കള്‍ ആയോ എന്ന് കോടതി ആരാഞ്ഞു. വൃക്ക മാറ്റി വയ്ക്കല്‍ അത്ര പെട്ടെന്ന് നടക്കുന്ന കാര്യം അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ മെറിറ്റില്‍ എതിര്‍ക്കുന്നതായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പിവി ദിനേശ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ആരോഗ്യസ്ഥിതി സംബന്ധിച്ച് ജ്യോതി ബാബു പറയുന്നത് ശരിയാണെന്ന് കോടതിയില്‍ അദ്ദേഹം വ്യക്തമാക്കി. മൂന്നുമാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

ജീവന്‍ ഉണ്ടെങ്കില്‍ മാത്രമേ ശിക്ഷ അനുഭവിക്കാന്‍ കഴിയുകയുള്ളുവെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു. എല്ലാ ചികിത്സയും ജയിലില്‍ നല്‍കുന്നുണ്ട് എന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ അറിയിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം. കെകെ രമയ്ക്ക് വേണ്ടി അഭിഭാഷകരായ ആര്‍ ബസന്ത്, എ കാര്‍ത്തിക് എന്നിവരാണ് ഹാജരായത്.

 

Be the first to comment

Leave a Reply

Your email address will not be published.


*