
ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെ തിരുത്തി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. നാളത്തെ ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി ഭാഗമാകില്ലെന്ന മന്ത്രിയുടെ പ്രസ്താവനയെയാണ് എൽഡിഎഫ് കൺവീനർ തള്ളിയത്.
നോട്ടീസ് നൽകിയില്ല എന്ന മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കെഎസ്ആർടിസി മാനേജ്മെൻ്റിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. മന്ത്രിയല്ല മാനേജ്മെൻ്റ്. മന്ത്രി സർക്കാറിൻ്റെ ഭാഗമാണ്. മന്ത്രിക്കല്ല നോട്ടീസ് നൽകേണ്ടത്. കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുക്കില്ല എന്നത് ഏത് കേന്ദ്രത്തിൽ നിന്നാണ് വന്നത് എന്ന് അറിയില്ല. കെഎസ്ആർടിസി നാളെ സ്തംഭിക്കുമെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.
മന്ത്രി അങ്ങനെ പറയരുതെന്നും കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. ദേശീയ പണിമുടക്ക് കെഎസ്ആർടിസിയെ ബാധിക്കില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. നാളെ പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കിയിരുന്നു. യൂണിയനുകൾ പണിമുടക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടരാണെന്നുമായിരുന്നു ഗതാഗതമന്ത്രിയുടെ പ്രതികരണം. അതേസമയം നാളെ നടക്കുന്ന പണിമുടക്കിൽ നിന്ന് ബിഎംഎസ് മാത്രമാണ് വിട്ടുനിൽക്കുന്നത്.
Be the first to comment