എ കെ ബാലന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ

എ കെ ബാലന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എ കെ ബാലൻ വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന നേതാവാണ്. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പറയുന്നത് കലാപാഹ്വാനമല്ല. ജമാഅത്തെ ഇസ്‌ലാമി ലീഗിനെ നിയന്ത്രിക്കുന്നുണ്ടെന്നും യുഡിഫിൽ സ്വാധീനമുണ്ടെന്നും ടി പി രാമകൃഷ്ണൻ ആരോപിച്ചു. ആ സാഹചര്യം കൊണ്ടാണ് ആഭ്യന്തര വകുപ്പ് ഭരിക്കുമെന്ന് എ കെ ബാലൻ പറഞ്ഞത്. അത് സ്വതന്ത്ര അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ, ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം വഹിക്കുമെന്നും മാറാട് കലാപങ്ങൾ ആവർത്തിക്കുമെന്നുമാണ്‌ എ.കെ. ബാലന്റെ പ്രസ്താവന. ഇതിനെതിരേ ജമാഅത്തെ ഇസ്‌ലാമിക്കു പുറമെ, കോൺഗ്രസ് നേതാക്കളും കൂട്ടത്തോടെ രംഗത്തിറങ്ങിയതോടെ, വിവാദം കത്തി.

എ കെ ബാലന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തുവന്നിരുന്നു. വർഗീയ കലാപമുണ്ടാക്കാനാണ് ഏ കെ ബാലന്റെ പ്രസ്താവന. സംഘപരിവാർ പ്രചരണത്തിന്റെ ഭാഗമാണ് പ്രസ്താവനയെന്നും സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയെന്നുമാണ് വി ഡി സതീശന്റെ മറുപടി.

ബിജെപിയുടെ സ്വരവും ഭാഷയുമാണ് എ.കെ. ബാലനെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. വർഗീയ ചേരിതിരിവുണ്ടാക്കാൻ ഉദ്ദേശിച്ചാണ് ഈ പ്രസ്താവന. ഇത് ഇടതുമുന്നണിയുടെ നയമാണോയെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Be the first to comment

Leave a Reply

Your email address will not be published.


*