വർക്കലയിലെ ട്രെയിൻ അതിക്രമം; പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം

തിരുവനന്തപുരം വർക്കലയിൽ നിന്ന് മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. ആശുപത്രിയിൽ എത്തിയതിനേക്കാൾ നില മെച്ചപ്പെട്ടിട്ടുണ്ട്. സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുവെന്നും ആശുപത്രി അധികൃതർ.

അപകടാവസ്ഥ തരണം ചെയ്‌തെന്ന് പറയാന്‍ കഴിയില്ല. പെണ്‍കുട്ടി 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഇതിന് ശേഷം മാത്രമേ പെണ്‍കുട്ടി പൂര്‍ണ ആരോഗ്യ സ്ഥിതിയിലേക്ക് മടങ്ങിവരൂ എന്ന കാര്യത്തില്‍ പറയാന്‍ കഴിയൂ എന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. തലയിൽ‌ പലയിടത്തും ചതവുകളുണ്ട്. ഇത് സുഖപ്പെടാൻ സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം പാലോട് സ്വദേശിയായ പത്തൊൻപതുകാരിക്കുണ്ടായ അപകടത്തിൽ ഗുരുതര പരാമർശങ്ങളാണ് എഫ് ഐ ആറിലുള്ളത്. വെള്ളറട സ്വദേശി സുരേഷ് കുമാർ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പെൺകുട്ടിയെ ട്രെയിനിൽ നിന്നും തള്ളിയിട്ടത്. നടുവിന് ചവിട്ടി പുറത്തേക്കിട്ട ശേഷം സഹയാത്രികയെയും തള്ളിയിടാൻ ശ്രമിച്ചു. കുറ്റസമ്മതം നടത്തിയ ഇയാളെ ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഗുരുതര പരുക്കേറ്റ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പെൺകുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിയ്ക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ കോളേജിലെ ചികിത്സയിൽ തൃപ്തിയില്ലെന്നും വിദഗ്ദ ചികിത്സ ഉറപ്പാക്കണമെന്നും പെൺകുട്ടിയുടെ മാതാവിന്റെ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*