ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യണം, അടുത്ത മണ്ഡലകാലത്തിന് മുന്‍പ്; അഴിമതി തടയാന്‍ ഹൈക്കോടതി

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാനും സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാനും ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം. ഡിജിറ്റലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് കേരള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ഡിജിറ്റലൈസ് ചെയ്യുന്ന നടപടി എത്ര സമയംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കോടതിയെ അറിയിക്കണം. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തികരിക്കുന്നതിനെ കുറിച്ചും സമയക്രമം സംബന്ധിച്ചും അടുത്ത ആഴ്ച കിറ്റ്ഫ്ര ഉദ്യോഗസ്ഥര്‍ വിവരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ക്ഷേത്രങ്ങളിലെ അഴിമതിയും ക്രമക്കേടും പൂര്‍ണമായും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് കോടതി ഇടപെടല്‍. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്ഫ്ര, കെ-സ്മാര്‍ട് തുടങ്ങിയവയ്ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരെ കോടതി നേരിട്ട് വിളിച്ചുവരുത്തിയിരുന്നു. ക്ഷേത്രങ്ങളിലെ ക്രമക്കേടുകള്‍ തടയാനായി ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നത് എങ്ങനെ നടപ്പിലാക്കാമെന്ന് ഉദ്യോഗസ്ഥരോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി

അടുത്ത ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തിനു മുമ്പ് ശബരിമലയിലെ മുഴുവന്‍ അക്കൗണ്ടുകളും ഡിജിറ്റലൈസ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് കെ സ്മാര്‍ട്ട് സംവിധാനം ഉണ്ട്. ഇത്തരത്തില്‍ ക്ഷേത്രങ്ങളിലെ വിവിധ ഇടപാടുകളും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള സാധ്യതയാണ് കോടതി തേടിയത്. വഴിപാടുകള്‍, വരവ് ചെലവുകള്‍, സംഭാവനങ്ങള്‍ തുടങ്ങിയ ക്ഷേത്രവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സുതാര്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് കോടതി ഇടപെടല്‍.

Be the first to comment

Leave a Reply

Your email address will not be published.


*