കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നു; കുറഞ്ഞ ചെലവില്‍ ഡയാലിസിസ് സൗകര്യമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നുവെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലത്താണ് ആശുപത്രി ആരംഭിക്കുന്നത്. ജീവനക്കാര്‍ക്ക് വേണ്ടി മാത്രമല്ല, പാവപ്പെട്ട ജനങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡയാലിസിസ് മെഷീന്‍ നല്‍കിയിട്ടുണ്ട്. നിംസ് ആശുപ്തരിയില്‍ നിന്നും നെഫ്രോളജിസ്റ്റിന്റെ സേവനം സൗജന്യമായി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതുവഴി പാവപ്പെട്ട രോഗികള്‍ക്ക് വളരെ കുറഞ്ഞ തുകയ്ക്ക് ഡയാലിസിസ് നല്‍കാന്‍ സാധിക്കും. ഇതിനായി 10 ബെഡ്ഡുകള്‍ ഒരുക്കാനാണ് ഇപ്പോള്‍ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

10 ബെഡ്ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. 10 മെഷീനുകളും സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. ഇതുവഴി 10 പേര്‍ക്ക് ഒരുസമയം ഡയാലിസിസ് ചെയ്യാനാകും. അതുകൂടാതെ എല്ലാ മരുന്നുകളും ന്യായവിലയ്ക്ക് അവിടത്തെ ഫാര്‍മസിയില്‍ നിന്നും കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതു ജീവനക്കാര്‍ക്ക് മാത്രമല്ല, പാവപ്പെട്ട സാധാരണക്കാരായ രോഗികള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താനാകുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*