‘യോഗ ദണ്ഡിന്റെയും രുദ്രാക്ഷമാലയുടെയും അറ്റകുറ്റപ്പണി മുന്‍ ദേവസ്വം പ്രസിഡന്റിന്റെ മകന്’; ഇതെന്തു നടപടിയെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ശബരിമലയിലെ യോഗ ദണ്ഡിന്റെയും രുദ്രാക്ഷമാലയുടെയും അറ്റകുറ്റപ്പണി മുന്‍ ദേവസ്വം പ്രസിഡന്റിന്റെ മകന് നല്‍കിയത് എന്ത് നടപടിക്രമം പാലിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിലവിലുള്ള നടപടിക്രമങ്ങളെല്ലാം കാറ്റില്‍ പറത്തി കൊണ്ടാണ് അവിടെ കാര്യങ്ങള്‍ നടന്നിരുന്നത് എന്നതിന്റെ തെളിവാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണപ്പാളി ക്രമക്കേടില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവരുന്നതെന്നും ദ്വാരപാലക ശില്‍പ്പത്തിന്റെ വ്യാജ മോള്‍ഡ് ഉണ്ടാക്കി അത് ചെന്നൈയിക്ക് കൊടുത്തുവെന്നും ഒറിജിനല്‍ ആര്‍ക്കോ വിറ്റുവെന്നും വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു.

പൊലീസ് അന്വേഷിച്ചാല്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമോയെന്ന് ആശങ്കയുണ്ട്. കോടതി ഇടപെടല്‍ ആശ്വാസകരമാണ്. ഉത്തരവാദിത്തപ്പെട്ടവരെ എല്ലാം പ്രതി ചേര്‍ക്കണം. വളരെ ഞെട്ടിക്കുന്ന സംഭവമാണിത്. പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും മറച്ചുവെക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് ഇപ്പോള്‍ കോടതി തന്നെ പുറത്തുകൊണ്ടുവന്നത്. എല്ലാം അറിയാവുന്ന സര്‍ക്കാരിലെ ഉത്തരവാദിത്ത്വപ്പെട്ടവര്‍ക്കും ദേവസ്വം ബോര്‍ഡിലും കനത്ത തിരിച്ചടിയാണ് കോടതി വിധി.

ദ്വാരപാലക ശില്‍പ്പത്തില്‍ മാത്രമല്ല വാതിലിലും കട്ടിളയിലും വരെ കൃത്രിമം നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അയ്യപ്പന്റെ ദ്വാരപാലക ശില്‍പ്പം വ്യാജ മോള്‍ഡ് ഉണ്ടാക്കി ചെന്നൈക്ക് കൊടുത്തതും ഒറിജിനല്‍ ആര്‍ക്കോ വിറ്റു. ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമല്ല ഇതില്‍ ഉത്തരവാദി. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വീണ്ടും ഗുരുതരമായ കുറ്റം ആവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിളിച്ചുവരുത്തിയത്. സന്നിദാനത്തെ ദ്വാരപാലക ശില്‍പ്പമില്ല, വാതിലില്ല. ഇനി ആകെയുള്ളത് അയ്യപ്പന്റെ തങ്ക വിഗ്രഹമാണ്. അത് കൂടി പോയെനെയെന്നും വിഡി സതീശന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*