ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുതനിലയങ്ങള്‍ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈദ്യുതി നിലയങ്ങള്‍ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഇറാന്റെ മറുപടി. ഇസ്രയേലിന്റെ ആയുധപ്പുരയെന്ന് അറിയപ്പെടുന്ന ഡിമോണ ആണവനിലയം ഇറാന് ആക്രമിച്ചു.
യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ന് സ്ഥിതിഗതികള്‍ മാറി. ഇറാന് കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കിലും താനതിന് തയാറല്ലെന്ന് ട്രംപ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാന് മുന്നോട്ടുവച്ച കടുത്ത നിബന്ധനകള്‍ ഈജിപ്തും ഖത്തറും അമേരിക്കയെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ട്രംപിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടെ അടുത്ത രണ്ടോ മൂന്നോ ആഴ്ചയില്‍ യുദ്ധം അവസാനിപ്പിക്കാമെന്ന അമേരിക്കയുടെ പ്രതീക്ഷ അസ്ഥാനത്തായി.
ഇതിനു പിന്നാലെ, ഇറാന്റെ ആണവനിലയമായ നതാന്‍സ് ആക്രമിച്ചതിനുള്ള മറുപടിയായി ഇസ്രയേലിന്റെ ആയുധപ്പുരയെന്ന് അറിയപ്പെടുന്ന ഡിമോണ ആണവ നിലയത്തിലേക്കും അറദിലേക്കും ഇറാന് കനത്ത ആക്രമണം നടത്തി. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റതായും പത്തിലേറെ പേരുടെ നില ഗുരുതരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെ, അടുത്ത 48 മണിക്കൂറിനുള്ളില്‍ ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതനിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
അങ്ങനെ സംഭവിച്ചാല്‍ പശ്ചിമേഷ്യയിലെ അമേരിക്കയുമായും ഇസ്രയേലുമായും ബന്ധപ്പെട്ട എല്ലാ ഊര്‍ജ അടിസ്ഥാനസൗകര്യങ്ങളും കടല്‍ജല ശുദ്ധീകരണകേന്ദ്രങ്ങളും ഐ ടി അടിസ്ഥാനസൗകര്യങ്ങളും ആക്രമിക്കുമെന്ന് ഇറാന് സൈന്യവും പ്രതികരിച്ചു. ഇറാനിലേക്ക് ഇസ്രയേല്‍ കനത്ത ആക്രമണം ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം. ഇറാന്റെ ഏറ്റവും വലിയ വൈദ്യുതി പ്ലാന്റ് സ്ഥിതി ചെയ്യുന്ന ദമവന്തില് സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



Be the first to comment