ഉധംപൂർ ഏറ്റുമുട്ടൽ: രണ്ട് ജെയ്‌ഷേ മുഹമ്മദ് ഭീകരരെ വധിച്ചതായി റിപ്പോർട്ട്, സുരക്ഷ ശക്തമാക്കി സൈന്യം

ശ്രീനഗർ: ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒളിച്ചിരുന്ന രണ്ട് ഭീകരരെ വധിച്ചതായി വൈറ്റ് നൈറ്റ് കോർപ്പസ് അറിയിച്ചു. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ ജെയ്‌ഷേ മുഹമ്മദ് കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടതെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല. ഉധംപൂരിലെ രാംനഗറിലെ ജാഫർ വനത്തിൽ ഇന്നലെ മുതലാണ് സൈന്യവും പൊലീസും ഭീകരരർക്ക് എതിരെ ഏറ്റുമുട്ടൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിന് ശേഷം ഭീകരർ ഗുഹയിൽ ഒളിച്ചിരിക്കുകയായിരുന്നു എന്നും രാത്രിയിൽ വെടിവയ്പ്പ് അവസാനിച്ചിരുന്നു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ സൈന്യം നടത്തിയ തെരച്ചിലിലാണ് ഭീകകരെ കണ്ടെത്തിയതെന്നും കൊലപ്പെടുത്തിയതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ജമ്മു കശ്‌മീർ പൊലീസ് നൽകിയ പ്രത്യേക ഇൻ്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് വൈറ്റ് നൈറ്റ് കോർപ്പ്സ് അറിയിച്ചു. “സിഐഎഫ് ഡെൽറ്റ, വൈറ്റ്നൈറ്റ് കോർപ്‌സ്, ജമ്മു പൊലീസ്, സുരക്ഷാ സേനകൾ, സിആർപിഎഫ് എന്നിവരും ചേർന്നാണ് ഏറ്റുമുട്ടൽ നടത്തിയത്.

ഭീകരവാദികൾ രക്ഷപ്പെടാതിരിക്കാൻ പ്രദേശത്തിന് ചുറ്റും സുരക്ഷാ സേനയുടെ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. രണ്ട് ഭീകരരെ കീഴടക്കി. പ്രവർത്തനം വിജയകരമായി അവസാനിച്ചു എങ്കിലും പ്രദേശം കർശനമായ നിരീക്ഷണത്തിലാണ്,” – വൈറ്റ് നൈറ്റ് കോർപ്പസ് എക്‌സിൽ കുറിച്ചു. 1972 ജൂൺ ഒന്നിന് സ്ഥാപിതമായ ഇന്ത്യൻ കരസേനയുടെ ഒരു സൈനിക വിഭാഗമാണ് 16 കോർപ്‌സ് അഥവാ വൈറ്റ് നൈറ്റ് കോർപ്‌സ്.

ഇന്നലെ (ഫെബ്രുവരി 03) വൈകുന്നേരം നാലു മണിയോടെയാണ് ഉധംപൂരിലെ ജാഫർ വനത്തിൽ പൊലീസും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഇരുകൂട്ടരും തമ്മിൽ വെടിവയ്പ്പും നടന്നതായി വിവിധ വൃത്തങ്ങൾ അറിയിച്ചു.

സുരക്ഷാ സേനയും ജമ്മു കശ്‌മീർ പൊലീസും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്), സൈന്യം എന്നിവരുടെ സംയുക്ത സംഘത്തിൻ്റെ സ്ഥലത്തെ പതിവ് തെരച്ചിലിനിടയിലാണ് ഇന്നലെ ഭീകരെ കണ്ടെത്തിയത്. എന്നിരുന്നാലും പ്രദേശത്ത് എത്ര ഭീകരവാദികളുണ്ടെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ഇന്നലെ സൈന്യം പുറപ്പെടുവിച്ചിരുന്നില്ല. മുൻകരുതൽ എന്ന നിലയിൽ, സുരക്ഷാ ഉദ്യോഗസ്ഥർ രാത്രി മുഴുവൻ പ്രദേശത്തുണ്ടായിരുന്നു എന്നും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*