കിണറ്റിലേക്ക് വഴുതി വീണതല്ല, എറിഞ്ഞ് കൊന്നത്; മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം

കണ്ണൂരില്‍ കുളിപ്പിക്കുന്നതിനിടെ കിണറ്റില്‍ വീണ് മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് കൊലപാതകമെന്ന് പോലീസ്. കിണറ്റിലേക്ക് കൈയില്‍നിന്ന് വഴുതി വീണതല്ലെന്നും എറിഞ്ഞ് കൊന്നതാണെന്നും മാതാവ് മൂലക്കല്‍ പുതിയപുരയില്‍ മുബഷിറ സമ്മതിച്ചു.

കുറുമാത്തൂര്‍ ഡെയറി ജുമാമസ്ജിദിന് സമീപത്തെ ആമിഷ് അലന്‍ ആണ് ഇന്നലെ മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. മുബഷിറയുടെ നിലവിളി കേട്ട് വീടിന് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തുകയായിരുന്നു. സമീപവാസിയാണ് കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

കുളിപ്പിക്കുന്നതിനിടെ കുട്ടി കിണറ്റില്‍ വീണെന്നാണ് മുബഷിറ ആദ്യം പറഞ്ഞത്. ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി വീണെന്ന് പറഞ്ഞതില്‍ ഇന്നലെ തന്നെ പോലീസിന് സംശയം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് മുബഷിറയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് തന്നെ പോലീസ് മുബഷിറയെ ചോദ്യം ചെയ്തിരുന്നു. ഇന്നു രാവിലെയും പോലീസ് ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെയാണ് കുട്ടിയെ കിണറ്റില്‍ എറിഞ്ഞതാണെന്ന വിവരം ലഭിച്ചത്. മുബഷിറ നിലവില്‍ പോലീസ് കസ്റ്റഡിയില്‍ വീട്ടിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*