നായാട്ടിനിടെ മാന്‍ എന്നു കരുതി യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി; രണ്ടുപേര്‍ പിടിയില്‍

കോയമ്പത്തൂര്‍: വനത്തിനുള്ളില്‍ മൃഗവേട്ടയ്ക്കിടെ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുക്കളായ രണ്ടുപേർ അറസ്റ്റില്‍. സുരണ്ടെമലൈ സ്വദേശി സഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്. മാനെന്ന് കരുതി യുവാവിനെ വെടിവെക്കുകയായിരുന്നു എന്നാണ് പ്രതികൾ പറയുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. കാരമട ഫോറസ്റ്റ് റേഞ്ചില്‍ പില്ലൂര്‍ അണക്കെട്ടിന് സമീപമുള്ള അത്തിക്കടവ് വനത്തിലേക്കാണ് നായാട്ടിനായി ബന്ധുക്കളായ മൂവര്‍ സംഘം അനധികൃതമായി കടന്നത്. മദ്യലഹരിയിലായിരുന്നു ഇവര്‍ കാട്ടിലേക്ക് പോയത്.

വേട്ടയ്ക്കിടെ അനക്കം കണ്ട് മാനാണെന്ന് തെറ്റിദ്ധരിച്ച് പാപ്പയ്യന്‍ എന്നയാള്‍ സഞ്ജിത്തിനെ വെടിവെക്കുകയായിരുന്നു എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വനത്തിനുള്ളില്‍ വെച്ച് ഇവര്‍ വീണ്ടും മദ്യപിക്കുകയും തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് സഞ്ജിത്തിനെ വെടിവെക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

വെടിയേറ്റു വീണ സഞ്ജിത്ത് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. തുടര്‍ന്ന് പ്രതികളായ രണ്ടുപേരും മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് സഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തുകയും, തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒളിവിലായിരുന്ന അന്‍സൂര്‍ സ്വദേശി എം പാപ്പയ്യന്‍, കാരമട വെള്ളിയങ്കാട് സ്വദേശി മുരുകേശന്‍ എന്നിവര്‍ പിടിയിലായി. ഇവരുടെ പക്കല്‍ നിന്നും നാടന്‍ തോക്ക് കണ്ടെടുത്തിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*