
യു എ ഇയിലെ സ്കൂളുകളിൽ ഇനിമുതൽ വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും ഒളിപ്പിച്ച് കടത്താനാകില്ല. ഇവ കണ്ടെത്താനായി സ്കൂളുകളിൽ മെറ്റൽ ഡിറ്റക്റ്റർ സ്ഥാപിക്കും. പിടിക്കപ്പെട്ടാൽ വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
സ്കൂളുകളിൽ മൊബൈൽ ഫോണോ സ്മാർട്ട് വാച്ചുകളോ കൊണ്ട് വരരുതെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ വിലക്ക് മറികടന്ന് നിരവധി കുട്ടികൾ ശരീരത്തിൽ ഒളിപ്പിച്ചു വെച്ച് മൊബൈൽ ഫോണുകൾ സ്കൂളുകളിൽ കൊണ്ട് വരുന്നതായി കണ്ടെത്തി.
ഇതോടെയാണ് ശരീര പരിശോധനയ്ക്ക് മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച സർക്കുലർ സ്കൂളുകൾ രക്ഷിതാക്കൾക്ക് നൽകിയിട്ടുണ്ട്.
ഫോണുമായി പിടിക്കപ്പെട്ടാൽ വിദ്യാർഥിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ആദ്യ തവണ പിടിക്കപ്പെടുമ്പോൾ ഒരു മാസത്തേക്ക് ഫോൺ കണ്ടുകെട്ടും. തെറ്റ് വീണ്ടും ആവർത്തിച്ചാൽ അധ്യയന വർഷം കഴിയുന്നത് വരെ വരെ ഫോൺ വിട്ടു നൽകില്ല.
അധ്യാപകരുടെയോ സഹപാഠികളുടെയോ ചിത്രങ്ങൾ ഫോണിലോ സ്മാർട്ട് വാച്ചിലോ കണ്ടെത്തിയാൽ ആ വിവരം ബാലാവകാശ വകുപ്പിനെ അറിയിക്കുമെന്നും സർക്കുലറിൽ പറയുന്നു.
Be the first to comment