ദിലീപിന് നീതി കിട്ടി, സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ദ്രോഹിക്കാന്‍: അടൂര്‍ പ്രകാശ്

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം ഉണ്ടായത.

ഉന്നത പൊലീസ് നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ താനല്ല അഭിപ്രായം പറയേണ്ടത്. സര്‍ക്കാര്‍ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു എന്നാണ് വിധി വന്നപ്പോള്‍ ഉണ്ടായ ചില പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കുന്നത്. സര്‍ക്കാര്‍ അപ്പീല്‍ പോകുമല്ലോ. സര്‍ക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സര്‍ക്കാര്‍ നോക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാന്‍ പറ്റുന്നതാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

തദ്ദേശ തെരഞ്ഞടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഇത്തവണ ടീം യുഡിഎഫായാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ വിരുദ്ധത വോട്ടായി മാറുമെന്നും ശബരിമല സ്വര്‍ണക്കൊളള നടത്തിയവര്‍ക്കെതിരായ വിധിയെഴുത്തുകൂടിയാകും വോട്ടെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*