സംസ്ഥാനത്തു മാറ്റി വെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം.തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം വാർഡ് എൽ.ഡി.എഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എൽഡിഎഫ് നിലനിർത്തിയപ്പോൾ മലപ്പുറം മൂത്തേടം
പഞ്ചായത്തിലെ പായിമ്പാടം വാർഡ് യുഡിഎഫ് നിലനിർത്തി.
സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ച തദ്ദേശ വാർഡുകളിലാണ് ഇന്ന് വോട്ടെണ്ണൽ നടന്നത്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയിൽ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് ഫലം നിർണ്ണായകമായിരുന്നു.എൽഡിഎഫും യുഡിഎഫും ബിജെപിയും ആറു സ്വതതന്ത്രന്മാരും ഉൾപ്പടെ ഒൻപതു പേരായിരുന്നു സ്ഥാനാർത്ഥികൾ.രണ്ടു തവണയായി എൽഡിഎഫ് കൈവശം വെച്ചിരുന്ന സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.
ഐഎൻറ്റിയുസി നേതാവും ഹാർബർ വാർഡിലെ മുൻ കൗൺസിലറുമായ കെ.എച് സുധീർഖാനാണ്
83 വോട്ടുകൾക്ക് വിജയിച്ചത്.എൽ.ഡി.എഫ് 2819 വോട്ടു നേടി രണ്ടാം സ്ഥാനത്തായപ്പോൾ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ഇതോടെ നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാരുടെ എണ്ണം ഇരുപതായി.
എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എൽഡിഎഫ് നിലനിർത്തി.സിപിഐഎം സ്ഥാനാർഥി സി.ബി.രാജീവ് 221 വോട്ടുകൾക്കാണ് വിജയിച്ചത്.15 വാർഡുകളുള്ള പഞ്ചായത്തിൽ 9 വാർഡുകൾ നേടിയ യുഡിഎഫ് ഭരണം നേടിയിരുന്നു.മലപ്പുറം മുത്തേടം പഞ്ചായത്തിലെ പായിംപാടം ഏഴാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം.യു ഡി എഫ് സ്ഥാനാർത്ഥി കൊരമ്പയിൽ സുബൈദയാണ് 222 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.



Be the first to comment