അൻവറിനെ തള്ളി, രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് കോൺ​ഗ്രസ്; ചർച്ച തുടരും

തൃശൂർ: ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി യുഡിഎഫ്. പി വി അൻവറുമായി കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ചയിലാണ് രമ്യ ഹരിദാസിനെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാൽ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സമവായ ചര്‍ച്ച വേണ്ട എന്നാണ് യുഡിഎഫ് തീരുമാനം.

പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കും. അന്‍വറുമായി അനുനയ നീക്കങ്ങള്‍ തുടരുകയും ചെയ്യുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ചാൽ പാലക്കാട് കോൺ​ഗ്രസിനെ പിന്തുണയ്ക്കാം എന്നാണ് അന്‍വര്‍ മുന്നോട്ടുവെച്ച സമവായ ഫോര്‍മുല. എന്‍.കെ സുധീറിനെ പിന്തുണയ്ക്കണമെന്നും അന്‍വര്‍ ആവശ്യമുന്നയിച്ചു. എന്നാല്‍ അതില്‍ ചര്‍ച്ചകളില്ലെന്നാണ് യുഡിഎഫ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.

വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്‍വറിനോട് സംസാരിച്ചതായാണ് റിപ്പോർട്ടുകൾ. സിപിഎം- ബിജെപി കൂട്ടുകെട്ട് തകര്‍ക്കാന്‍ ഒപ്പം നില്‍ക്കണമെന്നാണ് യുഡിഎഫ് അന്‍വറിനോട് അഭ്യര്‍ത്ഥിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സമാന മനസ്‌കരുടെ കൂട്ടായ്മയാണ് വേണ്ടതെന്നും യുഡിഎഫ് വ്യക്തമാക്കി.

അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) യുടെ പാര്‍ട്ടി ടിക്കറ്റില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് എന്‍ കെ സുധീറാണ് ചേലക്കരയില്‍ നിന്ന് ജനവിധി തേടുന്നത്. ജീവകാരുണ്യ പ്രവര്‍ത്തകനായ മിന്‍ഹാജ് മെദാര്‍ ആണ് പാലക്കാട് ഡിഎംകെ സ്ഥാനാര്‍ഥി. വയനാട് പാര്‍ലമെന്റ് സീറ്റില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ പി വി അന്‍വറിന്റെ പാര്‍ട്ടി പിന്തുണയ്ക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*