
വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ലെന്ന് ഉറപ്പായി. വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ദിവസം യുഡിഎഫ് യോഗം നിശ്ചയിച്ചു. മെയ് രണ്ടിന് 10.30 ന് കോഴിക്കോടാണ് യോഗം നടക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യോഗത്തിൽ അധ്യക്ഷത വഹിക്കും.
യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം മെയ് രണ്ടിന് രാവിലെ 10.30 ന് കോഴിക്കോട് ഡിസിസി ഓഫീസിലെ പുതിയ കരുണാകര മന്ദിരത്തിൽ വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അധ്യക്ഷതയിൽ ചേരുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ അറിയിച്ചു.
അതേസമയം വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പങ്കെടുക്കില്ലെന്നും വി ഡി സതീശന്‍ രാവിലെ അറിയിച്ചു. അത് അവരുടെ തീരുമാനമാണ്. അതില്‍ പരിഭവമോ പരാതിയോ ഇല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഴിഞ്ഞം കമ്മീഷനിങ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
അങ്ങനെയെങ്കിലും ബിജെപിയും സിപിഐഎമ്മും ചേര്‍ന്നാണോ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രധാനമന്ത്രി അതിനാണോ വരുന്നതെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറയട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു.
വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വല്ലവരും ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. വിഴിഞ്ഞം കടല്‍ക്കൊള്ളയാണെന്ന് പ്രഖ്യാപിച്ചയാളാണ് പിണറായി വിജയന്‍. എട്ടുകാലി മമ്മൂഞ്ഞെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഇത്. ശശി തരൂര്‍ എംപിയും വിന്‍സെന്റ് എംഎല്‍എയും ചടങ്ങില്‍ പങ്കെടുക്കും. അവര്‍ക്ക് ക്ഷണമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
Be the first to comment