ന്യൂഡൽഹി: പ്ലസ്‌ടുവിന് ശേഷം എന്ത് പഠിക്കും? ഏത് സ്ഥാപനത്തിൽ ചേരും? ഡിഗ്രിക്ക് ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി അവസരം തേടുകയാണോ? എന്നാൽ നിങ്ങൾ ഇവയെല്ലാം തീർച്ചയായും അറിഞ്ഞിരിക്കണം. വിദ്യാർഥികളും രക്ഷിതാക്കളും പറ്റിക്കപ്പെടാതിരിക്കാൻ ഇവ ശ്രദ്ധിച്ചേ തീരൂ.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തിറക്കി യൂണിവേഴ്‌സിറ്റി ഗ്രാൻ്ഡ്‌സ് കമ്മിഷൻ (യുജിസി). അംഗീകാരമുള്ളതെന്ന് അവകാശപ്പെട്ട് വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കുന്ന 22 വ്യാജ സർവകലാശാലകളുടെ പട്ടികയാണ് യുജിസി പുറത്തുവിട്ടത്.
ഏറ്റവും അധികം വ്യാജ സർവകലാശാലകൾ ഉള്ളത് ഡൽഹിയിലാണെന്ന് കണ്ടെത്തിയതായും യുജിസി കൂട്ടിച്ചേർത്തു. 10 വ്യാജ സർവകലാശാലകളാണ് ഡൽഹിയിൽ കണ്ടെത്തിയത്. ഉത്തർപ്രദേശിൽ നിന്ന് നാലും കേരളം, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് രണ്ട് വ്യാജ സർവകലാശാലകളുമാണ് കണ്ടെത്തിയത്. മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് ഒരു സർവകലാശാലയും കണ്ടെത്തി.
1956ലെ യുജിസിയുടെ നിയമത്തിലെ സെക്ഷൻ 22 ലംഘിച്ച് അനധികൃത ബിരുദ പ്രോഗ്രാമുകൾ നടത്തുന്നതിനാൽ ഡൽഹിയിലെ കോട്‌ല മുബാറക്‌പൂറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻഡ് എഞ്ചിനീയറിങ്ങിൽ പ്രവേശനം നേടുന്നതിനെതിരെ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി. ഈ സ്ഥാപനം ഏതെങ്കിലും കേന്ദ്ര-സംസ്ഥാന നിയമത്തിന് കീഴിലോ യുജിസി നിയമത്തിലെ സെക്ഷൻ 2 (എഫ്) അല്ലെങ്കിൽ 3 പ്രകാരം അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് യുജിസി വ്യക്തമാക്കി.
എന്താണ് വ്യാജ സർവകലാശാലകൾ? നിയമാനുസൃത സർവകലാശാലകളെന്ന് തോന്നുമെങ്കിലും സർക്കാർ അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വ്യാജ സർവകലാശാലകൾ. യുജിസിയിലോ (ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്നതിനും അക്കാദമിക് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള നിയമപരമായ സർക്കാർ സ്ഥാപനം) എഐസിടിഇയിലോ(ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ) രജിസ്റ്റർ ചെയ്യാത്തതോ സർക്കാർ അംഗീകൃത സർവകലാശാലയുമായി സംയോജിപ്പിക്കാത്തതോ ആയ സ്ഥാപനങ്ങളാണ് വ്യാജ സർവകലാശാലകൾ. തൊഴിൽ ദാതാക്കളോ ഉന്നത വിദ്യാഭ്യാസ സർക്കാർ അംഗീകൃത സ്ഥാപനങ്ങളോ അംഗീകരിക്കാത്ത ബിരുദങ്ങളാണ് ഇത്തരം സ്ഥാപനങ്ങൾ നൽകുന്നത്.
വ്യാജ സർവകലാശാലകൾ:
ഡൽഹി
- ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് & ഫിസിക്കൽ ഹെൽത്ത് സയൻസസ്, അലിപൂർ
- കൊമേഴ്‌സ്യൽ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, ദാര്യഗഞ്ച്
- യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി
- വൊക്കേഷണൽ യൂണിവേഴ്‌സിറ്റി
- എഡിആർ സെൻട്രിക് ജുറിഡിക്കൽ യൂണിവേഴ്‌സിറ്റി
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിങ്
- വിശ്വകർമ ഓപ്പൺ യൂണിവേഴ്‌സിറ്റി ഫോർ സെൽഫ് എംപ്ലോയ്‌മെൻ്റ്
- സ്‌പിരിച്വൽ യൂണിവേഴ്‌സിറ്റി
- വേൾഡ് പീസ് ഓഫ് യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻഡ് എഞ്ചിനീയറിങ്
ഉത്തർപ്രദേശ്
- ഗാന്ധി ഹിന്ദി വിദ്യാപീഠം, പ്രയാഗ്, അലഹബാദ്
- നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി, അലിഗഡ്
- ഭാരതീയ ശിക്ഷാ പരിഷത്ത്, ലഖ്‌നൗ
- മഹാമായ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി, നോയിഡ
ആന്ധ്രാപ്രദേശ്
- ക്രൈസ്റ്റ് ന്യൂ ടെസ്‌റ്റമെൻ്റ് ഡീംഡ് യൂണിവേഴ്‌സിറ്റി, ഗുണ്ടൂർ
- ബൈബിൾ ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് ഇന്ത്യ, വിശാഖപട്ടണം
കേരളം
- ഇൻ്റർനാഷണൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിൻ, കോഴിക്കോട്
- സെൻ്റ് ജോൺസ് യൂണിവേഴ്‌സിറ്റി
പശ്ചിമ ബംഗാൾ
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റിവ് മെഡിസിൻ, കൊൽക്കത്ത
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റിവ് മെഡിസിൻ ആൻഡ് റിസർച്ച്, കൊൽക്കത്ത
മഹാരാഷ്ട്ര
- രാജ അറബിക് യൂണിവേഴ്‌സിറ്റി, നാഗ്‌പൂർ
പുതുച്ചേരി
- ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ
കേരളത്തിലെ വ്യാജന്മാർ
സെൻ്റ് ജോൺസ് യൂണിവേഴ്‌സിറ്റിയും ഇൻ്റർനാഷണൽ ഇസ്‌ലാമിക് യൂണിവേഴ്‌സി ഓഫ് പ്രോഫെറ്റിക് മെഡിസിനുമാണ് (ഐഐയുപിഎം) കേരളത്തിൽ നിന്നുള്ള വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. പ്രവാചക വൈദ്യ കോഴ്‌സിൻ്റെ പേരിലാണ് ഐഐയുപിഎം പ്രവർത്തിക്കുന്നതെന്നും ബിഎസ്‌സി നഴ്‌സിങ് അടക്കമുള്ള കോഴ്‌സുകൾ പരിശീലിപ്പിക്കുന്നുണ്ടെന്നും വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സെൻ്റ് ജോൺസ് യൂണിവേഴ്‌സിറ്റി, കിഷനാട്ടം എന്ന സർവകലാശാല നിലവിൽ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ രണ്ട് സർവകലാശാലകളും 2024 ഡിസംബറിൽ പുറത്തിറക്കിയ വ്യാജ സർവകലാശാലയുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഉൾപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു.
2024ലെ വ്യാജ സർവകലാശാലയുടെ പട്ടിക
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ, കേരളം, കേന്ദ്രഭരണ പ്രദേശമായ ഡൽഹി എന്നിവയുൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ പ്രവര്‍ത്തിക്കുന്ന 21 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് 2024ലെ പട്ടികയിൽ യുജിസി വ്യക്തമാക്കിയിരുന്നു. വ്യാജ സർവകലാശാലകൾ നൽകുന്ന ബിരുദങ്ങൾക്ക് അംഗീകാരമില്ല. അതിനാൽ തന്നെ ഉന്നത വിദ്യാഭ്യാസത്തിനോ തൊഴിൽ ആവശ്യങ്ങൾക്കോ ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാനാകില്ല. വ്യാജ സര്‍വകലാശാലകള്‍ക്ക് ബിരുദങ്ങൾ നൽകാനുള്ള നിയമസാധുത ഇല്ലെന്ന് യുജിസിയുടെ സെക്രട്ടറി മനീഷ് ആർ ജോഷി വ്യക്തമാക്കി. വ്യാജ സർവകലാശാലകള്‍ ഉയര്‍ന്ന ഫീസ് ഈടാക്കിയാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
എങ്ങനെ വ്യാജന്മാരെ തിരിച്ചറിയാം?
ആധികാരികത: പഠനത്തിനായി പോകുമ്പോൾ ഏതൊരു സ്ഥാപനത്തിൻ്റെയും ആധികാരികത പരിശോധിച്ച് വ്യക്തമാക്കേണ്ടതുണ്ട്. സ്ഥാപനത്തിൻ്റെ ലൈസൻസും അംഗീകാരവും പരിശോധിക്കുക, വ്യാജമാണോ എന്നുള്ളതിൽ ആദ്യമായി ലൈസൻസ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുക, ഫോണിൽ വിളിച്ചോ മെയിൽ അയച്ചോ നേരിട്ടോ ബന്ധപ്പെടുക. 24 മണിക്കൂറിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ ചിലപ്പോൾ വ്യാജനായേക്കാം.
ഔദ്യോഗിക വെബ്സൈറ്റ്: സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് കണ്ടെത്തി പരിശോധിക്കുക. കൊടുത്തിരിക്കുന്ന ലോഗോ ശ്രദ്ധിക്കുക. കമ്പനിയുടെ വെബ്സൈറ്റിൽ ഫോൺ നമ്പറും ഇമെയിൽ വിലാസവും ഉണ്ടോ എന്ന് പരിശോധിക്കുക. ഇത് HTTPS സുരക്ഷിതമാണോ എന്ന് പരിശോധിക്കുക. ക്യാമ്പസിനെ കുറിച്ചോ സിലബസിനെ കുറിച്ചോ വിവരങ്ങൾ സൈറ്റിൽ നൽകിയിട്ടില്ലെങ്കിൽ അത് വ്യാജമാകാം.
യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷൻ: സർവകലാശാലയ്ക്ക് യുജിസി അംഗീകാരം നൽകിയിട്ടുണ്ടോ എന്നും മറ്റ് ഏതെങ്കിലും സർവകലാശാലകളുമായി ഇത് ബന്ധപ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്തുക. എംഎച്ച്ആർഡി (മാനവ വിഭവശേഷി വികസന മന്ത്രാലയം), എഐസിടിഇ (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ), എംസിഐ (മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ) എന്നിവ അംഗീകാരം നൽകിയതാണോ എന്നും പരിശോധിക്കുക.
അക്രഡിറ്റേഷൻ സ്റ്റാറ്റസ്: വിദ്യാഭ്യാസ, പരിശീലന, ഗവേഷണ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവയെ വിലയിരുത്തുകയും പരിശോധിക്കുകയും ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ പോലുള്ള സ്ഥാപന അതോറിറ്റിക്കോ ഗ്രൂപ്പിനോ അക്രഡിറ്റേഷൻ നടത്താം.
സ്ഥലം: വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ലൊക്കേഷൻ പരിശോധിക്കുക. ഗൂഗിൾ മാപ്പിലും സ്ട്രീറ്റ് വ്യൂവിലും സർവകലാശാലയുടെ സ്ഥാനം കണ്ടെത്തുക. ഗൂഗിൾ എർത്തും സാറ്റലൈറ്റ് വ്യൂവും ഉപയോഗിച്ച് സർവകലാശാലയുടെ സ്ഥാനം പരിശോധിക്കുക.
വിപ്ലവത്തിൻ്റെയും നൂതന ആശയങ്ങളുടെയും വിളനിലമാണ് രാജ്യത്തെ ഓരോ സർവകലാശാലകളും. ഒരോ കാലത്തിൻ്റെ ട്രെൻഡ് സെറ്റേഴ്‌സിനെ വളർത്തിയെടുക്കുന്ന ഇടങ്ങള്‍ കൂടിയാണ് സർവകലാശാലകൾ. എന്നാൽ തെല്ലൊരു ശ്രദ്ധ നൽകിയാൽ ഭാവി സുരക്ഷിതമാക്കാനാകും.



Be the first to comment