ഓരോ ജിപി വിസിറ്റിനും 20 പൗണ്ട് ചാര്‍ജ്; ഓരോ ചികിത്സക്കും പ്രത്യേക ഫീസ്; എന്‍എച്ച്എസിനെ രക്ഷിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍

യു.കെ: എന്‍ എച്ച് എസിന് ധനസഹായം നല്‍കുന്ന രീതി അവതരിപ്പിച്ചു പുതിയ നിര്‍ദ്ദേശങ്ങള്‍. ഓരോ ജി പി വിസിറ്റിനും 20 പൗണ്ട് ഫീസ് ഈടാക്കണമെന്ന് ഇതില്‍പ്പറയുന്നു. മുന്‍ ഹെല്‍ത്ത് സെക്രട്ടറി സര്‍ സാജിദ് ജാവീദ് അടക്കം ഇതിനെ പിന്തുണച്ചു രംഗത്തുവന്നു. എന്‍ എച്ച് എസിന് ഒരു ഇന്‍ഷൂറന്‍സ് അടിസ്ഥിത സമ്പ്രദായം സര്‍ക്കാര്‍ പരിഗണിക്കണമെന്നും, ചാര്‍ജ്ജുകളും കോ- പെയ്‌മെന്റുകളും തുടങ്ങണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ചിന്തകരുടെ ഗ്രൂപ്പ് ആയ പോളിസി എക്സ്‌ചേഞ്ചാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. എന്‍ എച്ച് എസിന് ധനസഹായം നല്‍കുന്ന രീതി എപ്രകാരമായിരിക്കണം എന്നതിനെ സംബന്ധിച്ച് ജനങ്ങളുമായി സംവേദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചുകൊണ്ട് സര്‍ സാജിദ് ജാവിദ് പറഞ്ഞത്.

കുറഞ്ഞ വരുമാനമുള്ളവര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ജി പി മാരെ സന്ദര്‍ശിക്കുന്നതിന് ഫീസ് ഈടാക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. സാധാരണ പ്രവൃത്തി സമയങ്ങളില്‍ സൗജന്യമായി സേവനം ലഭ്യമാക്കി, വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും സന്ദര്‍ശനത്തിന് ഫീസ് ഏര്‍പ്പെടുത്താം എന്നൊരു നിര്‍ദ്ദേശവും ഇവര്‍ നല്‍കിയിട്ടുണ്ട്. എന്‍ എച്ച് എസിന്റെ ചില സേവനങ്ങള്‍ക്ക് രോഗികളില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കുക വഴി പ്രതിവര്‍ഷം 11 ബില്യണ്‍ പൗണ്ട് വരെ ലാഭിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍ ഏറ്റവുമധികം വരുമാനമുണ്ടാകുക ജി പി സന്ദര്‍ശനത്തിനുള്ള ഫീസ് വഴി ആയിരിക്കുമെന്നും അതില്‍ പറയുന്നു.

കൂടാതെ ജി പിമാരെ സന്ദര്‍ശിക്കാന്‍ ഫീസ് ഈടാക്കാന്‍ തുടങ്ങിയാല്‍ നിസാര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ജിപിമാരെ സന്ദര്‍ശിക്കുന്നതില്‍ നിന്നും വലിയൊരു പരിധിവരെ ജനങ്ങളെ തടയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് അപ്പോയിന്റ്‌മെന്റുകളുടെ എണ്ണം കുറയ്ക്കാനും അതുവഴി കാത്തിരിപ്പ് സമയം കുറയ്ക്കാനും സഹായിക്കും. 2021 – 22 കാലഘട്ടത്തില്‍ ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയില്‍ ഹെല്‍ത്ത് സെക്രട്ടറിയായിരുന്ന സാജിദ് ജാവിദ് ഈ നിര്‍ദ്ദേശത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയാണ്. ഇത്തരമൊരു നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ എന്‍ എച്ച് എസിന് കുറേക്കാലം കൂടി പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയും എന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം, ഇത്തരമൊരു നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, കാലക്രമേണ പൊതുജനം അതുമായി പൊരുത്തപ്പെടുമെന്നും അതില്‍ പറയുന്നു. പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്ജുമായും ഡെന്റല്‍ സേവനങ്ങള്‍ക്ക് ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയതുമായി ജനങ്ങള്‍ പൊരുത്തപ്പെട്ട കാര്യം അവര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സമ്പൂര്‍ണ്ണ സോഷ്യലൈസ്ഡ് മാതൃകയില്‍ നിന്നും പുതിയ ഹൈബ്രിഡ് മാതൃകയിലേക്ക് എന്‍ എച്ച് എസ് മാറണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

10 വര്‍ഷത്തെ ഹെല്‍ത്ത് പ്ലാന്‍ പ്രകാരം ജനങ്ങളുടെ വീടുകള്‍ക്ക് അരികിലേക്ക് ചികിത്സകള്‍ എത്തിച്ച് വെയ്റ്റിംഗ് സമയം വെട്ടിക്കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്‌ഷ്യം. ആശുപത്രികള്‍ നല്‍കുന്ന ചികിത്സകളില്‍ വലിയൊരു പങ്കും പുതിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലേക്ക് മാറ്റാനാണു പദ്ധതി. ലേബര്‍ ഗവണ്‍മെന്റിന്റെ പത്ത് വര്‍ഷത്തെ ഹെല്‍ത്ത് പ്ലാന്‍ പ്രകാരമാണ് ഈ സുപ്രധാന മാറ്റങ്ങള്‍.

ഇംഗ്ലണ്ടിലെ രോഗികള്‍ക്ക് എളുപ്പത്തില്‍ ജിപി സേവനങ്ങളും, സ്‌കാനുകളും, മെന്റല്‍ ഹെല്‍ത്ത് സപ്പോര്‍ട്ടും ലഭ്യമാക്കാനായി ഈ സേവനങ്ങള്‍ ആഴ്ചയില്‍ ആറ് ദിവസം 12 മണിക്കൂര്‍ തുറന്നുപ്രവര്‍ത്തിക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്.

പത്ത് വര്‍ഷത്തെ ഹെല്‍ത്ത് പ്ലാന്‍ എന്‍എച്ച്എസിനെ റീവയര്‍ ചെയ്ത്, ഭാവിയിലേക്ക് സുരക്ഷിതമാക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അവകാശപ്പെടുന്നു. ചികിത്സ വീട്ടുപടിക്കല്‍ എത്തിച്ച്, സാങ്കേതികവിദ്യ കൂടി ഉപയോഗിച്ച്, രോഗത്തെ ആദ്യ ഘട്ടത്തില്‍ തന്നെ തടയുന്നതിനാണ് പ്രാമുഖ്യം നല്‍കുക, പുതിയ ക്ലിനിക്കുകളിലൂടെ രോഗികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പരിചരണം നല്‍കുകയാണ് ചെയ്യുക, ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*