
യുകെയിലേക്ക് കുടിയേറാനിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി പുതിയ എന്‍എച്ച്എസ് പദ്ധതി. ഇത് വിദേശ റിക്രൂട്ട്മെന്റ് 34 ല്‍ നിന്നും 10 ശതമാനമായി കുറയ്ക്കുമെന്ന ആശങ്ക ശക്തമാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അവതരിപ്പിച്ച ഹെല്‍ത്ത്കെയര്‍ 10 വര്‍ഷ പദ്ധതി പാരയായി മാറും. എന്‍എച്ച്എസിലെ വിദേശ ജീവനക്കാരുടെ എണ്ണം 2035 ആകുന്നതോടെ 34 ശതമാനത്തില്‍ നിന്നും 10 ശതമാനത്തില്‍ താഴേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി.
ബ്രിട്ടീഷ് ഹെല്‍ത്ത് സര്‍വ്വീസില്‍ ജോലി ചെയ്യുന്ന വിദേശ ഡോക്ടര്‍മാരിലും, നഴ്സുമാരിലും ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 2023 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം എന്‍എച്ച്എസില്‍ 60,533 ഇന്ത്യന്‍ പൗരന്മാര് ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 10,865 ഡോക്ടര്‍മാരും, 31,992 നഴ്സുമാരും ഉള്‍പ്പെടുന്നു.
‘എന്‍എച്ച്എസ് എക്കാലവും വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്റിനെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വന്‍തോതില്‍ വിദേശ റിക്രൂട്ട്മെന്റിനെ ആശ്രയിക്കുന്ന നിലയിലാണ്. ഈ ആശ്രയത്വം നമുക്ക് കുറയ്ക്കേണ്ടതുണ്ട്. 34 ശതമാനം പുതിയ റിക്രൂട്ട്മെന്റുകള്‍ നടന്നതും യുകെ ഇതര പൗരന്മാരില് നിന്നാണ്. ഇത് 2035 ആകുന്നതോടെ 10 ശതമാനത്തില്‍ താഴേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്’, പദ്ധതി വ്യക്തമാക്കുന്നു.
വിദേശ റിക്രൂട്ട്മെന്റുകള്‍ക്ക് പകരം ഇനി യുകെ മെഡിക്കല്‍ ഗ്രാജുവേറ്റുകള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് പദ്ധതി പറയുന്നു. ഇവര്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് മുന്‍ഗണന. 2020-ല്‍ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ ട്രെയിനിംഗില്‍ വിദേശ ട്രെയിനികള്‍ക്കും തുല്യ അവസരം നല്‍കാനുള്ള തീരുമാനം മത്സരം കടുപ്പിക്കുകയും, ഇപ്പോള്‍ പോസ്റ്റ്ഗ്രാജുവേറ്റ് തസ്തികകളില്‍ അസ്വീകാര്യമായ തോതില്‍ എത്തിച്ചേരുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ന്യായീകരിക്കുന്നു.
വിപ്ലവകരമായ മാറ്റമെന്ന തരത്തില്‍ ഗവണ്മെന്റ് കൊണ്ടുവരുന്ന പദ്ധതി ജീവനക്കാരുടെ ക്ഷാമവും, കഠിനമായ സാമ്പത്തിക അവസ്ഥയും, വണ്‍-സ്റ്റോപ്പ് ഷോപ്പ് സ്റ്റൈലിലുള്ള അയല്പക്ക ഹെല്‍ത്ത് സേവനങ്ങള്‍ നല്‍കാനുള്ള സ്ഥലപരിമിതിയും മൂലം തടസ്സങ്ങള്‍ നേരിടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ആശുപത്രികളെ തരം താഴ്ത്തുന്ന വിധത്തിലുള്ള നീക്കത്തിന് ജനങ്ങളുടെ ഭാഗത്ത് നിന്നും എതിര്‍പ്പ് നേരിടുമെന്നും കരുതുന്നു.
പത്ത് വര്‍ഷത്തെ ഹെല്‍ത്ത് പ്ലാന്‍ എന്‍എച്ച്എസിനെ റീവയര്‍ ചെയ്ത്, ഭാവിയിലേക്ക് സുരക്ഷിതമാക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അവകാശപ്പെടുന്നു. ചികിത്സ വീട്ടുപടിക്കല്‍ എത്തിച്ച്, സാങ്കേതികവിദ്യ കൂടി ഉപയോഗിച്ച്, രോഗത്തെ ആദ്യ ഘട്ടത്തില്‍ തന്നെ തടയുന്നതിനാണ് പ്രാമുഖ്യം നല്‍കുക, പുതിയ ക്ലിനിക്കുകളിലൂടെ രോഗികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പരിചരണം നല്‍കുകയാണ് ചെയ്യുക, ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.
Be the first to comment