ഇംഗ്ലണ്ടില്‍ സ്കൂള്‍ തുറക്കുന്നതിന് മുമ്പ് കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം

വേനല്‍ അവധിയ്ക്ക് ശേഷം സെപ്റ്റംബര്‍ ആദ്യവാരം ഇംഗ്ലണ്ടിലെ സ്കൂളുകള്‍ തുറക്കുകയാണ്. ഇത്തവണ പല മുന്നറിയിപ്പുകളും ആശങ്കകളും രക്ഷിതാക്കള്‍ക്കു മുമ്പാകെയുണ്ട്. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം എന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പല കുട്ടികളും പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാതെ സ്കൂളുകളില്‍ എത്തുന്നതിന്റെ അപകടസാധ്യതയെ കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുരുതരമായ പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണമില്ലാതെ അഞ്ചില്‍ ഒരാള്‍ പ്രൈമറി സ്കൂളുകളില്‍ എത്തുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജനുവരി മുതല്‍ ചിക്കന്‍പോക്സിനെതിരെയുള്ള ഒരു പുതിയ പ്രതിരോധ കുത്തിവെയ്പ്പ് സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അത് എത്രമാത്രം ഫലപ്രദമായി നടപ്പിലാക്കപ്പെട്ടു എന്നതിനെ കുറിച്ച് കടുത്ത ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ചെറിയ ഒരു ശതമാനം കുട്ടികള്‍പോലും പ്രതിരോധ വാക്സിനുകള്‍ എടുക്കാത്ത സാഹചര്യം നിലവില്‍ ഉണ്ടെങ്കില്‍ അധ്യയന വര്‍ഷ തുടക്കത്തില്‍ അത് കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ലോകാരോഗ്യ സംഘടന (WHO) പറയുന്നതിന് അനുസരിച്ച് ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിക്കുന്നതിന് കുട്ടികള്‍ക്കിടയില്‍ വാക്സിന്‍ എടുക്കുന്നതിനുള്ള ലക്ഷ്യം 95% ആണ്. എന്നാല്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യാഴാഴ്ച പുറത്തിറക്കിയ 2024-25 ലെ കണക്കുകള്‍ കാണിക്കുന്നത് ഒരു ബാല്യകാല വാക്സിനും ഈ ലക്‌ഷ്യം കൈവരിച്ചിട്ടില്ല എന്നാണ്.

അഞ്ച് വയസുള്ള കുട്ടികളില്‍ 83.7% പേര്‍ക്ക് മാത്രമേ മീസില്‍സ്, മമ്പ്സ്, റുബെല്ല (എംഎംആര്‍) വാക്സിനുകളുടെ രണ്ട് ഡോസുകളും ലഭിച്ചിട്ടുള്ളൂ. അതേസമയം പോളിയോ, വില്ലന്‍ ചുമ, ടെറ്റനസ്, ഡിഫ്തീരിയ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്ന ഫോര്‍-ഇന്‍-വള്‍ പ്രീസ്‌കൂള്‍ ബൂസ്റ്റര്‍ വാക്സിന്‍ ഇംഗ്ലണ്ടില്‍ 81.4% കുട്ടികള്‍ക്കെ നല്‍കിയിട്ടുള്ളൂ. കുറഞ്ഞ വാക്സിനേഷന്‍ നിരക്കുകള്‍ പ്രൈമറി സ്കൂള്‍ ആരംഭിക്കുമ്പോള്‍ കുട്ടികള്‍ പകര്‍ച്ചവ്യാധികള്‍ക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന് ആശങ്ക ശക്തമാക്കിയിട്ടുണ്ട്.

ജൂലൈയില്‍ ലിവര്‍പൂളില്‍ അഞ്ചാംപനി ബാധിച്ച് ഒരു കുട്ടി മരിച്ചിരുന്നു. ഒരു ദശാബ്ദത്തിനിടെ യുകെയില്‍ നടന്ന ആദ്യത്തെ മരണമാണിത്. ലിവര്‍പൂളിലെ 73% കുട്ടികള്‍ക്ക് മാത്രമേ അഞ്ചാംപനിയില്‍ നിന്ന് സംരക്ഷിക്കാന്‍ ആവശ്യമായ രണ്ട് കുത്തിവയ്പ്പുകള്‍ ലഭിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ സ്‌കൂള്‍ ദിവസങ്ങള്‍ നഷ്ടമാകാതിരിക്കുന്നതിനു പ്രതിരോധ കുത്തിവയ്‌പ്പുകള്‍ അനിവാര്യമാണ്. uk

Be the first to comment

Leave a Reply

Your email address will not be published.


*