ബ്രിട്ടന്റെ വടക്കൻ മേഖലകളിലും വടക്കൻ അയർലൻഡിലും ആമി കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു (Storm Amy) കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുകയാണ്. മണിക്കൂറിൽ 100 മൈലിനടുത്ത് (ഏകദേശം 160 കി.മീ) വേഗതയിലാണ് കാറ്റ് ആഞ്ഞുവീശുന്നത്.
വടക്കൻ അയർലൻഡിന്റെയും വടക്കൻ സ്കോട്ട്ലൻഡിന്റെയും പല ഭാഗങ്ങളിലും ആംബർ മുന്നറിയിപ്പ് നിലനിൽക്കുന്നു. പറന്നുയരുന്ന അവശിഷ്ടങ്ങൾ ജീവന് തന്നെ ഭീഷണിയായേക്കാം എന്നതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണം.
കൊടുങ്കാറ്റിനെ തുടർന്ന് സ്കോട്ട്ലൻഡിലെ ഹൈലാൻഡ്‌സിലും വടക്കൻ അയർലൻഡിലുമായി 50,000-ത്തോളം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു. വടക്കൻ അയർലൻഡിലെ എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കുകയും ഗ്ലാസ്ഗോ സെൻട്രലിൽ നിന്നുള്ള സർവീസുകൾ ഉൾപ്പെടെ പല ട്രെയിൻ യാത്രകളും ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവയ്ക്കുകയും ചെയ്തു.
ഗ്ലാസ്ഗോയിൽ ഒരു കെട്ടിടം തകർന്ന് കാറിന് മുകളിൽ വീണ അപകടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കുടുംബങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും സുരക്ഷിതമായി വീടിനുള്ളിൽ കഴിയുകയും ചെയ്യുക. യാത്ര അത്യാവശ്യമാണെങ്കിൽ നിങ്ങളുടെ ട്രെയിൻ/ഫെറി ഓപ്പറേറ്റർമാരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പാക്കുക. വൈദ്യുതി മുടങ്ങിയാൽ ഉപയോഗത്തിനായി മൊബൈൽ ഫോണുകളും പവർ ബാങ്കുകളും ചാർജ്ജ് ചെയ്തു വെക്കുക. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾക്കായി മെറ്റ് ഓഫീസിന്റെ വിവരങ്ങൾ ശ്രദ്ധിക്കുക.



Be the first to comment