യുകെയില്‍ സ്റ്റോം ബ്രാം ഭീതി: കനത്ത മഴയും കാറ്റും, വെള്ളപ്പൊക്ക ഭീതി; ട്രെയിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കി

സ്റ്റോം ബ്രാം മൂലം യുകെയിലുടനീളം ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടായതോടെ ട്രെയിന്‍, വിമാനം, ഫെറി സര്‍വീസുകള്‍ റദ്ദാക്കി. സ്കോട്ട് ലന്‍ഡിന്റെ ഉത്തര-പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ജീവനു ഭീഷണിയുള്ള തോതില്‍ കാറ്റുവീശാമെന്ന അംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 90 മൈല്‍ വേഗതയില്‍ കാറ്റ് വീശിയപ്പോള്‍ അസാധാരണമായ ചൂടും അനുഭവപ്പെട്ടു. യുകെയിലുടനീളം 59 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് നിലവില്‍ ഉള്ളത്.

സ്കോട്ട് ലന്‍ഡിലെ പല ഫെറി സര്‍വീസുകളും റദ്ദാക്കുകയും ട്രെയിന്‍ സര്‍വീസുകള്‍ വേഗത നിയന്ത്രണവും നേരത്തെ അവസാനിപ്പിക്കലും കൊണ്ട് പ്രതിസന്ധിയിലാവുകയും ചെയ്തു. ചില സ്കൂളുകള്‍ സുരക്ഷയെ കരുതി അവധി പ്രഖ്യാപിച്ചു. വടക്കന്‍ അയര്‍ലന്‍ഡിലും വെയില്‍സിലും ഇംഗ്ലണ്ടിന്റെ ചിലഭാഗങ്ങളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട് . അതേസമയം അയര്‍ലന്‍ഡും യുകെയും തമ്മിലുള്ള വിമാന സര്‍വീസുകള്‍ മിക്കതും റദ്ദാക്കിയിട്ടുണ്ട്.

വെയില്‍സിലും തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും കനത്ത മഴ പെയ്തതോടെ നദികള്‍ കരകവിഞ്ഞൊഴുകി വീടുകള്‍ വെള്ളത്തിലായി. പലയിടങ്ങളിലും റെയില്‍പ്പാതകള്‍ മുങ്ങി സര്‍വീസുകള്‍ നിലച്ചു. ടോട്ട്നെസ്, ഡെവണ്‍, ന്യൂക്വെയ് തുടങ്ങിയ മേഖലകളില്‍ യാത്രാ തടസ്സം രൂക്ഷമായി. ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി തടസ്സപ്പെട്ടു.

യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങി. കാലാവസ്ഥ അനിശ്ചിതാവസ്ഥയില്‍ തുടരുന്നതിനാല്‍ ഈ മാസത്തെ ബാക്കിയുള്ള ദിവസങ്ങളിലെ സ്ഥിതിഗതികള്‍ അനിശ്ചിതാവസ്ഥയിലാണ് തുടരുന്നതെന്ന് മെറ്റ് ഓഫീസ് പറയുന്നു. ക്രിസ്മസ് കാലയളവിലും കൃത്യമായ പ്രവചനങ്ങള്‍ നല്‍കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*