ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ദന്തചികിത്സാ സംവിധാനത്തില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ദന്തചികിത്സാ സംവിധാനത്തില്‍ സമൂല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അടിയന്തര ദന്തചികിത്സ ആവശ്യമായവര്‍ക്കും സങ്കീര്‍ണ ചികിത്സ ആവശ്യമായ രോഗികള്‍ക്കും ഇനി കൂടുതല്‍ മുന്‍ഗണന നല്‍കാനാണ് തീരുമാനം. ഇതിലൂടെ ദന്തചികിത്സ ലഭ്യമാകാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യം കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം ഗുരുതരമായ ചികിത്സ ആവശ്യമായ സങ്കീര്‍ണ കേസുകളില്‍ രോഗികള്‍ക്ക് 200 പൗണ്ടില്‍ അധികം തുക ലാഭിക്കാനാകും. ചില രോഗികള്‍ക്ക് ഏകദേശം 225 പൗണ്ട് വരെ ചെലവു കുറയുമെന്നാണ് വിലയിരുത്തല്‍. ഇത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

വര്‍ഷങ്ങളായി എന്‍എച്ച്എസില്‍ ദന്തഡോക്ടര്‍മാരുടെ അഭാവം തുടരുകയാണെന്ന് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ (BDA) മുന്നറിയിപ്പ് നല്‍കുന്നു. ആവശ്യമായ അധിക ധനസഹായവും ഡോക്ടര്‍മാരുടെ കുറവും പരിഹരിച്ചില്ലെങ്കില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് സംഘടന വ്യക്തമാക്കി. ചില പ്രദേശങ്ങളില്‍ ഡെന്റല്‍ സേവനത്തിന്റെ അവസ്ഥ പരിതാപകരമായ സാഹചര്യത്തില്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പരിഹാരമാണ് വേണ്ടത് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ദന്തചികിത്സായിലെ കാലതാമസം മൂലം വലിയ വിഭാഗം രോഗികള്‍ സ്വകാര്യ ചികിത്സ തേടേണ്ടിവരുന്നതായി സമീപകാലത്തു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*