അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ലീഡ്സിലെ ഹോട്ടലിന് മുന്‍പില്‍ നാട്ടുകാരുടെ പ്രതിഷേധം

ലീഡ്‌സ്: ലീഡ്‌സിലെ, അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഒരു ഹോട്ടലിന് മുന്‍പില്‍ നാട്ടുകാരുടെ പ്രതിഷേധം ആരംഭിച്ചു. അനധികൃത കുടിയേറ്റക്കാരോട് റബ്ബര്‍ വള്ളങ്ങളില്‍ തിരികെ പോകണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. നഗരത്തിലെ സീക്രോഫ്റ്റ് പ്രദേശത്തുള്ള ബ്രിട്ടാനിയ ഹോട്ടലിന് മുന്‍പില്‍, യൂണിയന്‍ ജാക്കും, പ്ലക്കാര്‍ഡുകളും ഏന്തിയായിരുന്നു പ്രതിഷേധക്കാര്‍ എത്തിയത്. കഴിഞ്ഞ വേനല്‍ക്കാലത്തുണ്ടായ ലഹളയിലും ഈ ഹോട്ടലിനെ പ്രതിഷേധക്കാര്‍ ലക്ഷ്യം വച്ചിരുന്നതിനാല്‍, അതിനു ചുറ്റും പോലീസ് കനത്ത സംരക്ഷണ വലയം തീര്‍ത്തിരുന്നു.

‘അവരെ പുറത്തു വിടുക’ എന്ന് ഉറക്കെ വിളിച്ചു കൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ ഹോട്ടലിന് സമീപമെത്തിയത്. അവരില്‍ ചിലര്‍ മുഖംമൂടി ധരിച്ചായിരുന്നു എത്തിയത്. അനധികൃതമായി എത്തിയവര്‍ക്ക് ആഡംബര ഹോട്ടല്‍ മാത്രമല്ല സൗജന്യമായി നല്‍കിയിരിക്കുന്നതെന്ന് വിളിച്ചു പറഞ്ഞ പ്രതിഷേധക്കാര്‍, സൗജന്യ പോലീസ് സംരക്ഷണവും നല്‍കിയിരിക്കുകയാണെന്നും പറയുന്നുണ്ടായിരുന്നു. അതിനിടയില്‍, ടെസ്‌കോയ്ക്ക് സമീപം വെച്ച് ഒരു പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തി എന്ന് ആരോപിക്കപ്പെടുന്ന ഒരു അഭയാര്‍ത്ഥിയെ പരാമര്‍ശിച്ച്, കുട്ടിപീഢകന്‍ എന്നും പ്രതിഷേധക്കാര്‍ വിളിച്ചു പറയുന്നൂണ്ടായിരുന്നു.

പ്രതിഷേധം നടക്കുന്ന സമയത്ത് മുഴുവന്‍ അഭയാര്‍ത്ഥികളോട് ഹോട്ടലിനുള്ളില്‍ തന്നെ തുടരുവാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറാസ്റ്റ് ചെയ്തതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനിടെ, എസ്സെക്‌സ്സ് എപ്പിംഗില്‍ ആരംഭിച്ച, കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. അഭയാര്‍ത്ഥികളെ ഹോട്ടലുകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കുന്ന കാര്യം ഗൗരവത്തില്‍ ആലോചിക്കുകയാണെന്ന് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, ചെറുയാനത്തില്‍ ബ്രിട്ടീനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, ബോട്ടില്‍ വെച്ച് ഹൃദയസ്തംഭനം വന്നതിനെ തുടര്‍ന്ന് ഒരു അഭയാര്‍ത്ഥി മരണമടഞ്ഞു., ഇംഗ്ലീഷ് തീരത്തേക്ക് കുതിക്കുകയായിരുന്ന ഒരു ബോട്ട് മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് വടക്കന്‍ ഫ്രാന്‍സിലെ ഈക്വിഹെന്‍ ബീച്ച് ലക്ഷ്യമാക്കി തിരികെ പോവുകയായിരുന്നു. എന്നാല്‍, തീരത്തെത്തിയപ്പോഴേക്കും ഹൃദയ സ്തംഭനം മൂലം ആ വ്യക്തി മരണമടഞ്ഞിരുന്നതായി ഫ്രഞ്ച് അധികൃതര്‍ സ്ഥിരീകരിച്ചു. എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്ത് എത്തിയെങ്കിലും അവര്‍ക്ക് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല.

 

 

Be the first to comment

Leave a Reply

Your email address will not be published.


*