മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളുടെ തലസ്ഥാനമായി മാറി ലണ്ടന്‍;യൂറോപ്പില്‍ മോഷ്ടിക്കപ്പെടുന്ന ഫോണുകളില്‍ അഞ്ചില്‍ രണ്ടും യുകെയില്‍ നിന്ന്

ലണ്ടന്‍: യു കെയില്‍ മൊബൈല്‍ ഫോണ്‍ മോഷണം പെരുകുന്നതായി വാര്‍ത്ത. യൂറോപ്പില്‍ മോഷ്ടിക്കപ്പെടുന്ന ഓരോ അഞ്ച് ഫോണിലും രണ്ടെണ്ണം വീതം മോഷ്ടിക്കപ്പെടുന്നത് യു കെയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ സ്‌ക്വയര്‍ ട്രേഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്, 13 യൂറോപ്യന്‍ രാജ്യങ്ങളിലും ബ്രിട്ടനിലും സാന്നിദ്ധ്യമുള്ള കമ്പനിയുടെ ഉപഭോക്താക്കള്‍ ഇരകളാവുന്ന മൊബൈല്‍ ഫോണ്‍ മോഷണങ്ങളില്‍ 39 ശതമാനവും നടക്കുന്നത് യു കെയില്‍ ആണെന്നാണ്.

അതേസമയം, കമ്പനിയുടെ മൊത്തം ഉപഭോക്താക്കളില്‍ വെറും 10 ശതമാനം മാത്രമാണ് യു കെയില്‍ ഉള്ളതെന്നതും ഓര്‍ക്കണം. 2021 ജൂണിന് ശേഷം ബ്രിട്ടനിലെ മൊബൈല്‍ മോഷണങ്ങള്‍ 425 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഡാറ്റ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, യു കെയില്‍ നടക്കുന്ന മൊബൈല്‍ മോഷണങ്ങളില്‍ 42 ശതമാനവും നടക്കുന്നത് ലണ്ടനിലാണെന്നും ഇത് വ്യക്തമാക്കുന്നു. യൂറോപ്പിലെ മോത്തം കണക്കെടുത്താല്‍, യൂറോപ്പില്‍ നടക്കുന്ന മൊബൈല്‍ മോഷണങ്ങളുടെ 16 ശതമാനം വരും ലണ്ടനിലെ മോഷണങ്ങള്‍.

മയക്കു മരുന്ന് കച്ചവടത്തേക്കാള്‍ എളൂപ്പത്തില്‍ പണം ഉണ്ടാക്കാം എന്നതിനാല്‍ പല കുറ്റവാളി സംഘങ്ങളും ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ മോഷണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് പോലീസും സ്ഥിരീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ലണ്ടനില്‍ 80,000 ല്‍ അധികം മൊബൈല്‍ ഫോണുകള്‍ മോഷണം പോയ്യതായി രേഖകള്‍ വ്യക്തമാക്കുന്നു. തെരുവോര വിപണികളില്‍ ഏകദേശം 20 മില്യന്‍ പൗണ്ട് മൂല്യം വരുന്ന മൊബൈല്‍ ഫോണുകളാണ് കഴിഞ്ഞവര്‍ഷം ലണ്ടനില്‍ മാത്രം മോഷണം പോയത്. ഐഫോണിനെയാണ് മോഷ്ടാക്കള്‍ കൂടുതലായി ഉന്നം വയ്ക്കുന്നത്.

ബ്രിട്ടനില്‍, പ്രത്യേകിച്ചും ലണ്ടനില്‍ മോഷണം പെരുകി വരികയാണ്., മൊബൈല്‍ ഫോണ്‍ മാത്രമല്ല, നിങ്ങളുടെ കാറും, ആഭരണങ്ങളുമെല്ലാം മോഷ്ടാക്കള്‍ ലക്ഷ്യം വച്ചേക്കാം. മയക്കു മരുന്ന് ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്ന ചില സംഘങ്ങള്‍, അടുത്തിടെ മോഷണത്തിലേക്കും കൊള്ളയിലേക്കും തിരിഞ്ഞിട്ടുണ്ടെന്ന് മെറ്റ് പോലീസ് കമാന്‍ഡര്‍ ജെയിംസ് കോണ്‍വേ പറയുന്നു. മോഷണം പെരുകിയതോടെ പരാതികളും പെരുകി.ഇതോടെ പരാതികള്‍ പൊളീസ് ഗൗരവമായി എടുക്കുന്നില്ല എന്ന ആരോപണവും ശക്തമാകുന്നുണ്ട്. ലണ്ടനില്‍ താമസിക്കുന്ന ഒരു മലയാളിയുടെ ബെന്റ്‌ലി കാര്‍ അടുത്തിടെ മോഷണം പോയിരുന്നു. അതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെങ്കിലും പോലീസ് അത് ഗൗനിച്ചില്ല എന്നും പറയപ്പെടുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*