
ലണ്ടന്‍: കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാനായി യുകെയില്‍ വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് പരിശീലന പദ്ധതി. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള കുടിയേറ്റക്കാര്‍ സജീവമായ കണ്‍സ്ട്രക്ഷന്‍, എഞ്ചിനിയറിംഗ്, സോഷ്യല്‍ കെയര്‍ മേഖലകളിലാണ് ബ്രിട്ടീഷ് പൗരന്‍മാരെ പരിശീലിപ്പിക്കുന്നത്. 1.2 ലക്ഷം പേരെ പരിശീലിപ്പിക്കാന്‍ 300 കോടി പൗണ്ടിന്റെ (34.67 ലക്ഷം കോടി രൂപ) വന്‍ പദ്ധതിയാണ് യു.കെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ പരിശീലന രംഗത്ത് വലിയ വിപ്ലവമായാണ് ഈ പദ്ധതി വിശേഷിപ്പിക്കപ്പെടുന്നത്.
വിദേശ തൊഴിലാളികള്‍ക്ക് ലെവി വിദേശികളുടെ തൊഴില്‍ സാധ്യതകള്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ ലെവിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് വിദേശ തൊഴിലാളികളെ നിയമിക്കുന്ന തൊഴില്‍ ഉടമകള്‍ നല്‍കേണ്ട ലെവി ചാര്‍ജുകള്‍ 32 ശതമാനം വര്‍ധിപ്പിച്ചു. നിലവില്‍ 16 നും 24 നും ഇടയില്‍ പ്രായമുള്ള യുകെ പൗരന്‍മാരില്‍ എട്ടില്‍ ഒരാള്‍ വിദ്യാഭ്യാസമോ തൊഴില്‍ പരിശീലനമോ ജോലിയോ ഇല്ലാത്തവരാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിശീലന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
വിവിധ തൊഴില്‍ മേഖലകളില്‍ വിദഗ്ധ പരിശീലനം, ഉല്‍പ്പാദന വര്‍ധന, പൗരന്‍മാരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ വിട്ടതിന് ശേഷം തൊഴില്‍ മേഖലയില്‍ ഉണ്ടായ മാന്ദ്യത്തിന് പരിഹാരം കാണാനും ഇതുവഴി ശ്രമിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ 45,000 പേര്‍ക്കാണ് പരിശിലനം നല്‍കുന്നത്. പാഠ്യപദ്ധതിയിലും മാറ്റം തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് പ്രാധാന്യം നല്‍കി പാഠ്യപദ്ധതിയിലും മാറ്റം വരുത്താന്‍ യുകെ വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുപ്പുകള്‍ തുടങ്ങി. നിലവിലുള്ള മാസ്റ്റേഴ്സ് ലെവല്‍ പരിശീലനത്തിന് (ലെവല്‍-7) പകരം അടിസ്ഥാന മേഖലകളിലെ കോഴ്സുകള്‍ക്ക് പ്രാധാന്യം നല്‍കും.
കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ 13 പുതിയ ലെവല്‍-2 കോഴ്സുകള്‍ സൗജന്യമായി നല്‍കും. 5,000 വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സഹായിക്കുന്ന ഈ പദ്ധതിക്കായി 1.4 കോടി പൗണ്ടാണ് നീക്കിവെച്ചിരിക്കുന്നത്. 40,000 പേര്‍ക്ക് നൈപുണ്യ വികസനത്തിന് പ്രത്യേക പരിശീലന ക്ലാസുകള്‍ നല്‍കും. നിര്‍മാണ മേഖലയില്‍ അടുത്ത നാലു വര്‍ഷം ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് 10 കോടി പൗണ്ടാണ് നീക്കിവെച്ചിട്ടുള്ളത്. ഈ വര്‍ഷം തന്നെ 10 പുതിയ സാങ്കേതിക വൈദഗ്ധ്യ പരിശീലന കോളേജുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
കഴിഞ്ഞ വര്‍ഷം യുകെയിലേക്കുള്ള വിദേശ കുടിയേറ്റത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. 2023 ല്‍ 8.6 ലക്ഷം പേരാണ് എത്തിയതെങ്കില്‍ കഴിഞ്ഞ വര്‍ഷം 4.31 ലക്ഷമായി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്.
Be the first to comment