
തിങ്കളാഴ്ച ബാങ്ക് അവധി വരുന്നതു മൂലം അവധി ആഘോഷിക്കാന്‍ ജനം ഇറങ്ങുന്നതോടെ യുകെയില്‍ ഉടനീളം കനത്ത ഗതാഗത കുരുക്ക് ഉണ്ടാകാന്‍ സാധ്യത. മൂന്ന് ദിവസം അടുപ്പിച്ച് അവധി കിട്ടുന്നതു മൂലം കൂടുതല്‍ പേര്‍ അവധി ആഘോഷിക്കാന്‍ യാത്രയില്‍ ഏര്‍പ്പെടാനുള്ള സാധ്യത ഉണ്ട്. ഏകദേശം 17.6 ദശലക്ഷം കാറുകള്‍ നിരത്തിലിറങ്ങുമെന്നാണ് റോയല്‍ ഓട്ടോമൊബൈല്‍ ക്ലബ് (ആര്‍എസി ) നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
ഇതിനിടെ ആര്‍എംടി യൂണിയന്റെ പണിമുടക്കിന് മുന്നോടിയായി ശനിയാഴ്ച റെയില്‍ യാത്രക്കാര്‍ യാത്ര ചെയ്യരുതെന്ന് ക്രോസ് കണ്‍ട്രി നിര്‍ദ്ദേശിച്ചു, അതേസമയം എഞ്ചിനീയറിംഗ് ജോലികള്‍ക്കായി നിരവധി പ്രധാന റൂട്ടുകള്‍ അടച്ചിടുമെന്ന് നെറ്റ്‌വര്‍ക്ക് റെയിലും അറിയിച്ചിട്ടുണ്ട് . ലണ്ടനിലെ നോട്ടിംഗ് ഹില്‍ കാര്‍ണിവല്‍, റീഡിംഗ്, ലീഡ്സ് ഫെസ്റ്റിവലുകള്‍, ചെഷയറിലെ ക്രീംഫീല്‍ഡ്സ് ഫെസ്റ്റിവല്‍ എന്നിവയുള്‍പ്പെടെയുള്ള പരിപാടികളിലേയ്ക്ക് വലിയ ജനക്കൂട്ടം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .
ബ്രിസ്റ്റലിനും ഡെവണിനും ഇടയിലുള്ള M5 ല്‍ ഏറ്റവും രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടാകുമെന്ന് ഗതാഗത വിശകലന സ്ഥാപനമായ ഇന്റിക്സ് പറഞ്ഞു. ബ്രിസ്റ്റലിന് വടക്ക് 15 ജംഗ്ഷന്‍ മുതല്‍ ബ്രിഡ്ജ് വാട്ടറിനായി ജംഗ്ഷന്‍ 23 വരെയുള്ള ഭാഗത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയും 40 മിനിറ്റിലധികം കാലതാമസമുണ്ടാകാന്‍ സാധ്യതയുണ്ട്.
ഡോവര്‍ അല്ലെങ്കില്‍ ഫോക്ക്‌സ്റ്റോണ്‍ വഴി ചാനല്‍ മുറിച്ചുകടക്കുന്നതിനുള്ള തിരക്കേറിയ റൂട്ടായ കെന്റിലെ M20-ല്‍ വെള്ളിയാഴ്ച വാഹനമോടിക്കുന്നവര്‍ അരമണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന തടസ്സങ്ങള്‍ നേരിടേണ്ടിവരാന്‍ സാധ്യതയുണ്ട് .വിമാനത്താവളത്തിലേയ്ക്കും മറ്റുമുള്ള റോഡുകളില്‍ വന്‍ തിരക്ക് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ യാത്രക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ലക്ഷ്യസ്ഥാനത്തേയ്ക്ക് നേരത്തെ യാത്ര തിരിക്കുന്നതായിരിക്കും ഉചിതമെന്ന മുന്നറിയിപ്പ് നല്കപ്പെട്ടിട്ടുണ്ട് .
Be the first to comment