വോള്‍വര്‍ഹാംപ്റ്റണില്‍ വയോധികരായ സിഖുകാരെ ആക്രമിച്ച സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍

ലണ്ടന്‍: വോള്‍വര്‍ഹാംപ്റ്റണ്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് രണ്ട് വയോധികരായ സിഖ് വംശജരെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വംശീയാതിക്രമമാണ് ഇരുവര്‍ക്കുമെതിരെ നടന്നതെന്ന് യു.കെ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മര്‍ദനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

വയോധികരില്‍ ഒരാള്‍ റെയില്‍വേസ്റ്റഷന് പുറത്തെ റോഡില്‍ കിടക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. അദ്ദേഹത്തിന്റെ തലപ്പാവ് അരികിലുണ്ടായിരുന്നു. മറ്റൊരു വയോധികനെ ചവിട്ടുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ക്രൂരമായ മര്‍ദനത്തിന് സാക്ഷിയായ ഒരു സ്ത്രീയാണ് സംഭവം പകര്‍ത്തിയത്. വെള്ളക്കാരായ യുവാക്കളാണ് സിഖ് വംശജരായ വയോധികരെ മര്‍ദിച്ചതെന്നും മര്‍ദനത്തിന് മുമ്പ് രണ്ടുപേരോടും നിങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന് അക്രമികള്‍ ചോദിച്ചതായും സംഭവം പകര്‍ത്തിയ സ്ത്രീ പറയുന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ വയോധികരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. 17, 19, 25 വയസ് തോന്നിക്കുന്നവരാണ് അക്രമികളെന്ന് പോലീസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.വംശീയാതിക്രമത്തില്‍ ഇന്ത്യയിലെ സിഖ് നേതാക്കളും യു.കെയിലെ സിഖുകാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സിഖ് ഫെഡറേഷനും അപലപിച്ചു. അക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി ശിരോമണി അകലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ എക്‌സില്‍ കുറിച്ചു. എന്തുകാരണം പറഞ്ഞാലും സിഖുകാരുടെ തലപ്പാവ് ബലംപ്രയോഗിച്ച് അഴിപ്പിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ബാദല്‍ കുറിച്ചു. യു.കെയിലെ സിഖ് വംശജരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ബ്രിട്ടീഷ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*