ജിസിഎസ്ഇയില്‍ വിജയശതമാനം കുറഞ്ഞിട്ടും മലയാളി കുട്ടികള്‍ക്ക് മികച്ച നേട്ടം

യു കെ :വ്യാഴാഴ്ച പുറത്തു വന്ന ജിസിഎസ്ഇ പരീക്ഷാ ഫലത്തില്‍ ഇത്തവണ വിജയശതമാനം കുറവാണ്. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നും സി ഗ്രേഡ് അല്ലെങ്കില്‍ 4 നേടിയവരുടെ കണക്കെടുമ്പോള്‍ വിജയ ശതമാനം 67.4 ശതമാനമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണിത്. അതേസമയം, ആണ്‍കുട്ടികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചത് പെണ്‍കുട്ടികള്‍ ആണെങ്കിലും ഇവര്‍ തമ്മിലുള്ള അന്തരം കുറഞ്ഞിട്ടുണ്ട്. മലയാളി കുട്ടികള്‍ പതിവ് തെറ്റിക്കാതെ മികവ് കാത്തുസൂക്ഷിച്ചിട്ടുണ്ട്.

ജിസിഎസ്ഇയില്‍ പഠിച്ച വിഷയങ്ങള്‍ക്കെല്ലാം എ ഡബിള്‍ സ്റ്റാറുകളും എ സ്റ്റാറുകളും നേടിയ ഗോസ്പോര്‍ട്ടിലെ ഒലിവിയയുടെ വിജയത്തിളക്കം മലയാളി സമൂഹത്തിനു അഭിമാനമാണ്. ഒസിആര്‍ കാംബ്രിഡ്ജ് നാഷണല്‍ ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയറില്‍ നമ്പര്‍ വണ്‍ സ്ഥാനം നേടിയ ഒലിവിയ മെര്‍ലിന്‍ സാജു എന്ന 16കാരി പഠിച്ച സ്‌കൂളിലെ ആദ്യ മൂന്നു സ്ഥാനക്കാരില്‍ ഒരാള്‍ കൂടിയാണ്. 200ല്‍ 200ഉം നേടിയാണ് ഈ അപൂര്‍വ്വ നേട്ടത്തിനു കൂടി ഒലിവിയ ഉടമയായത്.

എ ലെവലില്‍ ബയോളജി, കെമിസ്ട്രി, മാത്സ് വിഷയങ്ങള്‍ എടുത്തു പഠിച്ച് മെഡിസിന്‍ പഠനമാണ് ഒലിവിയ ലക്ഷ്യമിടുന്നത്. ഒലിവിയയുടെ മാതാപിതാക്കള്‍ രണ്ടുപേരും നഴ്‌സുമാരാണ്. ഗോസ്‌പോര്‍ട്ട് വാര്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന സാജു സാമുവലും സുജി തോമസുമാണ് മാതാപിതാക്കള്‍. സാജു സാമുവല്‍ ചര്‍ച്ച് ഓഫ് ഗോഡ് യുകെയിലെ ഒരു പാസ്റ്റര്‍ കൂടിയാണ്. ചേച്ചി തിര്‍ഷ ആന്‍ സാജു മെഡിസിന്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.

ഒന്‍പത് വിഷയങ്ങളില്‍ ഡബിള്‍ സ്റ്റാറും ജര്‍മ്മന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിഷയങ്ങളില്‍ എ സ്റ്റാറും നേടി താരമായിരിക്കുകയാണ് ഗോഡ്വിന്‍ ജോസഫ്. ലണ്ടനിലെ കാര്‍ഷാള്‍ട്ടന്‍ വില്ലേജില്‍ താമസിക്കുന്ന എന്‍എച്ച്എസ് സ്റ്റാഫായ ഷിജോയുടെയും ഷിബിയുടെയും മൂന്ന് ആണ്‍മക്കളില്‍ മൂത്ത ആളാണ് ഗോഡ്വിന്‍. ലണ്ടനിലെ വില്‍സന്‍സ് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഗോഡ്വിന് ഒരു ഇക്കണമിസ്റ്റ് ആകാനാണ് ആഗ്രഹം.

എ ലെവലിന് മാത്സ്, ഫര്‍തര്‍ മാത്സ്, എക്കണോമിക്സ്, പൊളിറ്റിക്സ്, കെമിസ്ട്രി, വിഷയങ്ങളാണ് എടുത്തു പഠിക്കുവാന്‍ ഉദ്ദേശിക്കുന്നത്. പഠനത്തോടൊപ്പം കീബോര്‍ഡ് പഠിക്കുന്ന ഗോഡ്വിന്‍ സ്പോട്സിലും സജീവമാണ്. സഹോദരങ്ങളായ എഡ്വിന്‍ സട്ടന്‍ ഗ്രാമര്‍ സ്‌കൂളില്‍ ഇയര്‍ ഇലവന്‍ വിദ്യാര്‍ത്ഥിയാണ്. ഇളയ സഹോദരനായ ഡാല്‍വിന്‍ അടുത്ത മാസം നടക്കുന്ന സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നു.

ക്രോയ്ഡണ്‍ ന്യൂ അഡിംഗ്ടണിലെ ഷോണ്‍ മാത്യു സേവിയര്‍ എന്ന മിടുക്കന്‍ നേടിയത് 11 വിഷയങ്ങളില്‍ ഒന്‍പതിനും ഡബിള്‍ സ്റ്റാറുകളും ഒരു വിഷയത്തിന് എ സ്റ്റാറും ഒരു വിഷയത്തിന് എ ഗ്രേഡുമാണ്. ഹിസ്റ്ററി, മാത്തമാറ്റിക്‌സ്, റിലീജിയസ് സ്റ്റഡീസ്, ബയോളജി, ഫിസിക്‌സ്, സ്പാനിഷ്, ഡിസൈന്‍ ആന്റ് ടെക്‌നോളജി, കെമിസ്ട്രി, ജ്യോഗ്രഫി വിഷയങ്ങള്‍ക്കാണ് ഡബിള്‍ സ്റ്റാറുകള്‍ നേടിയത്. ഇംഗ്ലീഷ് ലിറ്ററേച്ചറിന് എ സ്റ്റാറും ലാംഗ്വേജിന് എ ഗ്രേഡും നേടുകയും ചെയ്തു.

സട്ടണ്‍ ഗ്രാമര്‍ സ്‌കൂളില്‍ നിന്നും ജിസിഎസ്ഇ പാസായ ഷോണ്‍ മാത്യു വിനോദ് സേവിയറിന്റെയും സിന്ധുമോളുടേയും രണ്ടാമത്തെ മകനാണ്.

മാത്തമാറ്റിക്സ് ഓപ്ഷന്‍, ജോഗ്രഫി, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ഇക്കണോമിക്സ്, റിലീജിയസ് സ്റ്റഡീസ്, ഫര്‍ദര്‍ മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് എ ഡബിള്‍ സ്റ്റാര്‍, ഡിസൈന്‍ ആന്റ് ടെക്നോളജി, ജര്‍മന്‍, ഇംഗ്ലീഷ് ലാംഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിഷയങ്ങള്‍ക്ക് എ സ്റ്റാറുകളും നേടി 12 വിഷയങ്ങള്‍ക്കും സുവര്‍ണ തിളക്കമാണ് ബാസില്‍ഡണിലെ റോണ്‍ ജോസഫ് നേടിയത്. വെസ്റ്റ്ക്ലിഫ് ഹൈസ്‌കൂള്‍ ഫോര്‍ ബോയിസിലാണ് റോണ്‍ ജോസഫ് പഠിച്ചത്.

ബാസില്‍ഡണ്‍ ഹോസ്പിറ്റലില്‍ നഴ്സായ ഷൈനി കുര്യന്‍, സോജി ജോസഫ് എന്നിവരാണ് മാതാപിതാക്കള്‍ . മൂത്ത സഹോദരന്‍ എയ്റോസ്പേസ് എഞ്ചിനീയറും സഹോദരി സിക്സ്ത് ഫോം വിദ്യാര്‍ത്ഥിനിയുമാണ്. ഭാവിയില്‍ എല്ലാവരും ആഗ്രഹിക്കും പോലെ മെഡിസിന്‍ പഠനമൊന്നും റോണിന്റെ മനസിലേയില്ല. പകരം ആഗ്രഹിക്കുന്നത് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകാനാണ്.

എട്ട് ഡബിള്‍ സ്റ്റാറുകളും മൂന്ന് എ സ്റ്റാറുകളും ഒരു എയും നേടിയാണ് സ്ലോയിലെ റീവ് ഷാജി മികച്ച നേട്ടം സ്വന്തമാക്കിയത്. സെന്റ് ബെര്‍ണാര്‍ഡ്സ് കാത്തലിക് ഗ്രാമര്‍ സ്‌കൂളില്‍ പഠിച്ച റീവ് ഷാജി ഉക്സ്ബ്രിഡ്ജിലാണ് താമസിക്കുന്നത്. ഹെയര്‍ഫീല്‍ഡ് ഹോസ്പിറ്റലില്‍ ഔട്ട്റീച്ച് പ്രാക്ടീസ് നഴ്സായി ജോലി ചെയ്യുന്ന ഷിനിയും മരിയ മലബാന്‍ഡ് കെയര്‍ ഗ്രൂപ്പില്‍ രജിസ്റ്റേഡ് നഴ്സായ ഷാജിയുമാണ് മാതാപിതാക്കള്‍. മൂത്ത സഹോദരി ഓട്ടോമേഷന്‍ എഞ്ചിനീയും മറ്റൊരു സഹോദരി ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജില്‍ എം.എസ്.സി വിദ്യാര്‍ത്ഥിനിയും സഹോദരന്‍ റീവ് പഠിച്ച അതേ സ്‌കൂളില്‍ എലെവല്‍ വിദ്യാര്‍ത്ഥിയുമാണ്.

നാല് ഡബിള്‍ സ്റ്റാറുകള്‍ അടക്കം മാഞ്ചസ്റ്ററിലെ അലേഷ ഷാജി നേടിയത് ഏഴ് എ സ്റ്റാറുകളാണ്. കൂടാതെ രണ്ട് എയും നേടിയിട്ടുണ്ട്. ബയോളജി, കെമിസ്ട്രി, ജ്യോഗ്രഫി, റിലീജിയസ് സ്റ്റഡീസ് വിഷയങ്ങള്‍ക്കാണ് അലേഷ ഡബിള്‍ സ്റ്റാര്‍ നേടിയത്. മാത്തമാറ്റിക്‌സിനും ഫിസിക്‌സിനും ഇംഗ്ലീഷ് ലാംഗ്വേജിനും എ സ്റ്റാറും ഇംഗ്ലീഷ് ലിറ്ററേച്ചറിനും ബിസിനസിനും എ ഗ്രേഡുകളും നേടുകയായിരുന്നു. ബറിയിലെ ഹോളിക്രോസ് കോളേജില്‍ എ ലെവല്‍ പഠനം നടത്തുവാന്‍ പോകുന്ന അലേഷ മാഞ്ചസ്റ്ററിലെ ബിന്ദു ജോസഫിന്റെയും ഷാജി സിറിയകിന്റെയും മകളാണ്. അഞ്ജലി ഷാജി, അലെക്‌സിയ ഷാജി എന്നിവര്‍ സഹോദരിമാരാണ്.

Be the first to comment

Leave a Reply

Your email address will not be published.


*