
യുകെയില്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജില്‍ ശരാശരി നിരക്ക് 2023 മേയ് മാസത്തിന് ശേഷം ആദ്യമായി 5 ശതമാനത്തില്‍ താഴേക്ക്. കടമെടുപ്പ് ചെലവുകള്‍ കുറയുന്നത് തുടരുന്നതിനിടെയാണ് ഈ ആശ്വാസ വാര്‍ത്ത. ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് നിരക്ക് 4.99 ശതമാനത്തിലെത്തിയെന്ന് മണിഫാക്ട്‌സ് വ്യക്തമാക്കി. ശതമാനത്തിലെ താഴ്ച വലിയ രീതിയില്‍ ലാഭം നല്‍കുന്നില്ലെങ്കിലും വിപണിയിലെ നിലപാടപകളില്‍ മാറ്റം വരുന്നതിന്റെ സൂചനയാണെന്ന് മണിഫാക്ട്‌സ് പറയുന്നു.
ചെറിയ തോതിലുള്ള താഴ്ച പോലും വീട് വാങ്ങുന്നവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും, ലെന്‍ഡര്‍മാരുടെ മത്സരത്തിലേക്ക് വഴിവെയ്ക്കുകയും ചെയ്യും. ഇതിനിടെ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്കും കഴിഞ്ഞ ആഴ്ച 5 ശതമാനത്തില്‍ താഴേക്ക് പോയി, 2022 സെപ്റ്റംബറിലെ മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന്റെ മിനി ബജറ്റിന് ശേഷം ആദ്യമായാണ് ഇത് സംഭവിക്കുന്നത്.
എങ്കിലും നിലവില്‍ പണപ്പെരുപ്പം ശക്തിയാര്‍ജ്ജിക്കുന്നത് കൂടുതല്‍ പലിശ കുറയാനുള്ള സാധ്യതയെ ബാധിക്കും. ജൂലൈ മാസം 3.8 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം പിടിമുറുക്കിയത്. ഇതോടെ ഈ വര്‍ഷം മറ്റൊരു ബേസ് റേറ്റ് കട്ട് ഉണ്ടാകാനുള്ള സാധ്യതയാണ് നഷ്ടമായത്.
ഈ വര്‍ഷം ഇനിയൊരു പലിശ നിരക്ക് കുറയ്ക്കലിന് സാധ്യതയില്ലെന്ന തരത്തിലാണ് ട്രേഡര്‍മാര്‍ വിപണിയെ വിലയിരുത്തുന്നത്. നിലവില്‍ 4 ശതമാനത്തിലേക്ക് പലിശകള്‍ കുറച്ചിട്ടുണ്ടെങ്കിലും ഇതിന് അപ്പുറത്തേക്ക് ഒരു നടപടി കൈക്കൊള്ളാന്‍ കേന്ദ്ര ബാങ്കിന് ബുദ്ധിമുട്ടുകളുണ്ട്. 2025-ല്‍ മറ്റൊരു കട്ടിംഗ് ഉണ്ടാകുമെന്നായിരുന്നു മുന്‍പ് പ്രതീക്ഷിച്ചത്.
ചെറുതെങ്കിലും സമ്പദ് വ്യവസ്ഥ വികസിക്കുന്നതും, ശമ്പളവര്‍ദ്ധന കുറയുന്നതും, യുഎസുമായുള്ള വ്യാപാര കരാറും ചേര്‍ന്ന് പലിശ കുറയ്ക്കാനുള്ള സാധ്യതകള്‍ നല്‍കുമ്പോഴും പണപ്പെരുപ്പം താഴാതെ നില്‍ക്കുന്നത് തിരിച്ചടിയാണ്.
കഴിഞ്ഞ മോണിറ്ററി പോളിസി യോഗത്തില്‍ ഒരു വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് പലിശ കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചത്. ജൂലൈ മാസത്തിലെ പണപ്പെരുപ്പ നിരക്ക് പ്രകാരം 3.8 ശതമാനത്തിലേക്ക് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ വിലക്കയറ്റവും വലിയ ആശങ്കയാണ്.
Be the first to comment